സംസ്ഥാനത്ത് ഇപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രതിസന്ധിയില്ല; സാഹചര്യം മാറിയേക്കും

തിരുവനന്തപുരം: ലോക്ഡൗണ് ആണെങ്കിലും സംസ്ഥാനത്ത് ഇപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏതാനും മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. പ്രതിസന്ധി തുടര്‍ന്നാല്‍ ഭക്ഷ്യവസ്തുക്കളടക്കം കരുതേണ്ടിവരും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധി തുടരുകയാണെങ്കില്‍ സാഹചര്യം മാറിയേക്കാമെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ സാഹചര്യം മാറുന്നതിന് അനുസരിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ മുന്നൊരുക്കം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കുറഞ്ഞ സ്ഥലത്തു കൂടുതല്‍ വിള നയം നടപ്പാക്കും. രണ്ടു വര്‍ഷത്തിനകം 25,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി വ്യാപിപ്പിക്കും. ഒരിടത്തും ഭൂമി തരിശിടാന്‍ അനുവദിക്കില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ചുമതല.

വീടുകളില്‍ കഴിയുന്ന എല്ലാവരും പച്ചക്കറി കൃഷി നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ നല്ല ഇടപെടലാണ് ഉണ്ടായത്. ചെറിയ സ്ഥലത്താണെങ്കിലും സ്വന്തമായ കൃഷി എന്ന സംസ്‌കാരത്തിലേക്ക് എത്തി. കൃഷി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്നു വിപുലമായ പദ്ധതികളാണ് സംസ്ഥാനത്ത് ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top