എഫ്‌സിഐ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും 35ലക്ഷത്തിന്റെ ജീവന്‍ രക്ഷാ പരിരക്ഷ

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ 35 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഇന്നലെ ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ പഖ്യാപിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കുമാണ് ഇന്‍ഷുറന്‍സ്. മാര്‍ച്ച് 24 മുതലുള്ള അടുത്ത ആറ് മാസത്തിനുള്ളില്‍ ജോലിക്കിടെ കൊവിഡ് ബാധിച്ച് മരിക്കുകയാണെങ്കില്‍ ഇവരുടെ ആശ്രിതര്‍ക്ക് 35 ലക്ഷം രൂപ ലഭിക്കും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) കേന്ദ്രത്തിന്റെ നോഡല്‍ ഏജന്‍സിയാണ്, കര്‍ഷകരില്‍ നിന്ന് നേരിട്ട് കുറഞ്ഞ വിലയ്ക്ക് (എംഎസ്പി) ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയുമാണ് എഫ്‌സിഐയുടെ ദൗത്യം. കര്‍ഷകരില്‍ നേരിട്ട് ധാന്യങ്ങള്‍ ശേഖരിച്ച് റേഷന്‍ കടകള്‍ വഴി രാജ്യത്തെ 81 കോടിയിലധികം കാര്‍ഡ് ഉടമകള്‍ക്കാണ് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്.

തീവ്രവാദ ആക്രമണം, ബോംബ് സ്‌ഫോടനം, ആള്‍ക്കൂട്ട അക്രമം, പ്രകൃതിദുരന്തങ്ങള്‍ എന്നിവ മൂലം മരണമടഞ്ഞാല്‍ എഫ്സിഐ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. അതേസമയം എഫ്സിഐയിലെ സ്ഥിരം-കരാര്‍ തൊഴിലാളികള്‍ക്ക് ഈ നഷ്ടപരിഹാരം ലഭിക്കാറില്ല. ഇപ്പോഴത്തെ പദ്ധതിയില്‍ ഇവരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top