വാഷിങ്ടണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണ വൈറസ് വായു വഴിയും പടരുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ് സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി മാധ്യമങ്ങളോട് പറഞ്ഞതാണിത്. ‘ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്ന ഒരാളുടെ എതിരെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്കും വൈറസ് പടരുമെന്ന് അടുത്തിടെ പഠനം വന്നിരുന്നു. അതിനാല്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ വരെ മാറ്റം വരുത്തേണ്ടി വരും’, അന്തോണി ഫൗസി പറഞ്ഞു.
രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു അധികൃതരുടെ നേരത്തെയുള്ള നിര്‍ദേശങ്ങള്‍. അതേസമയം,പുതിയ പഠനം ചൂണ്ടിക്കാട്ടി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വൈറ്റ്ഹൗസിന് കത്തയച്ചിരുന്നു.
എന്നാല്‍ പഠനം ഇതുവരെ തീര്‍പ്പിലെത്തിയിട്ടില്ല. പക്ഷെ ഇതുവരെയുള്ള പഠനത്തിലെ കണ്ടെത്തല്‍ അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു.
ആളുകള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തു വരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെ മാത്രമേ രോഗം പടരുകയുള്ളൂ എന്നതിനാല്‍ അതിനനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ഇതുവരെ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും സ്വീകരിച്ചിരുന്നത്.
അതിനാലാണ് ഏവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തീരുമാനങ്ങളില്‍ പല ഭരണകൂടങ്ങളും എത്തിച്ചേര്‍ന്നത്. എന്നാല്‍ വൈറസുകള്‍ വായുവിലൂടെ സഞ്ചരിക്കുമെന്ന പഠനത്തിലൂടെ ഇനി എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന തീരുമാനത്തിലാവും ഭരണകൂടങ്ങള്‍ എത്തുക.