ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് മുന്‍ പ്രസിഡന്റുമാരെയും പ്രധാനമന്ത്രിമാരെയും ഫോണില്‍ ബന്ധപ്പെട്ടതായി വിവരം. മുന്‍ പ്രസിഡന്റുമാരായ പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍ എന്നിവരോടും മുന്‍ പ്രധാനമന്ത്രിമാരായ കോണ്‍ഗ്രസിന്റെ മന്‍മോഹന്‍ സിംഗ്, ജെഡിഎസിന്റെ എച്ച് ഡി ദേവഗൗഡ എന്നിവരോടുമാണ് മോദി ഫോണില്‍ സംസാരിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ പ്രധാന പാര്‍ട്ടി നേതാക്കാളായ സോണിയ ഗാന്ധി, മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, മമത ബാനര്‍ജി, കെ ചന്ദ്രശേഖര റാവു, നവീന്‍ പാട്നായിക്, എം കെ സ്റ്റാലിന്‍, പ്രകാശ് സിംഗ് ബാദല്‍ എന്നിവരുമായും മോദി ആശയവിനമയം നടത്തിയതായാണ് സൂചന.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 472 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മര്‍ക്കസ് സമ്മേളനം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് നിലവില്‍ തടസങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
വൈറസ് ബാധിത മേഖലകള്‍ ബഫര്‍ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കേസുകളെ കുറിച്ച് ലാബുകള്‍ക്ക് ഐസിഎംആറിന് വിവരങ്ങള്‍ കൈമാറാം. രോഗം 274 ജില്ലകളെ ബാധിച്ചുവെന്നും ഇതുവരെ 79 പേര്‍ മരിച്ചെന്നും 3030 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.