പത്തനംതിട്ട: കൊവിഡ് ബാധിച്ചു കേരളത്തിനു പുറത്തു ഒരു മലയാളി കൂടി മരിച്ചു. ന്യൂജഴ്‌സിയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശി ജയന്തന്‍ ഗോവിന്ദനാണ് (84) മരിച്ചത്. ഭാര്യയും മൂന്ന് മക്കളും ഉണ്ട്. കേരളത്തിനു പുറത്ത് മരിച്ച മലയാളികളില്‍ പകുതിയിലേറേ പേരും യുഎസില്‍ താമസമാക്കിയവരാണ്. 11 പേരാണ് യു എസില്‍ മരണപ്പെട്ടിരിക്കുന്നത്. ബ്രിട്ടനില്‍ മൂന്ന് പേരും യുഎഇയിലും സൗദി അറേബ്യയിലും രണ്ട് പേര്‍ വീതവും അയര്‍ലന്‍ഡില്‍ ഒരാളും മരിച്ചു. ഒരു മരണം മുംബൈയിലാണ്.
ന്യൂയോര്‍ക്കില്‍ മരിച്ച പിറവം സ്വദേശി ഏലിയാമ്മയ്ക്ക് കടുത്ത പനിയെത്തുടര്‍ന്നു രണ്ടാഴ്ച മുന്‍പു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന്‍ ജോസഫ് (കെ.ജെ.ഈപ്പന്‍74) യുഎസില്‍ പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ് ഉദ്യോഗസ്ഥനായിരുന്നു. കുടുംബസമേതം ന്യൂയോര്‍ക്കിലാണ്.
കഴിഞ്ഞ ദിവസം മരിച്ച, തിരുവല്ല കിഴക്കുംമുറി വഞ്ചിപ്പാലത്തിങ്കല്‍ ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), ന്യൂയോര്‍ക്കിലെ ക്വീന്‍സ് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. പനിയെത്തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി അത്തിക്കല്ലിലെ മുള്ളന്‍കുഴി ജോര്‍ജ് ഏലിയാമ്മ ദമ്പതികളുടെ മകനാണ് ബ്രിട്ടനില്‍ മരിച്ച നഴ്‌സ് സിന്റോ ജോര്‍ജ് (36). 10 വര്‍ഷമായി ഇംഗ്ലണ്ടിലാണ്.