കൊറോണ ഭീതി താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ അടച്ചിടും

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകത്താകമാനം നിയന്ത്രണാധീതമായി പടരുകയാണ്. ഇന്ത്യയും കൊറോണ പേടിയില്‍ മുങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയും നിയന്ത്രണങ്ങളുമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇപ്പോഴിതാ താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുകയാണ്. മാര്‍ച്ച് 31വരെ സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലാണ് അറിയിച്ചത്.

സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും നിരവധി ആളുകള്‍ വന്ന് പോകുന്നതിനാല്‍
രോഗം പടര്‍ന്നുപിടിക്കാന്‍ സാഹചര്യം കൂടുതലാണ്, അതുകൊണ്ട് അവ അടച്ചുപൂട്ടേണ്ടത് അനിവാര്യമാണെന്ന് സാംസ്‌കാരിക മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

കൊറോണ സംബന്ധിച്ച മന്ത്രിമാരുടെ ഉന്നതതല യോഗം തിങ്കളാഴ്ച നടന്നതിന് ശേഷമാണ് ഏറ്റവും പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.ഒരു പ്രതിരോധ തന്ത്രമെന്ന നിലയില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ഒരു കൂട്ടം നടപടികള്‍ നടപ്പാക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍), ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക, സാമൂഹിക കേന്ദ്രങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ , തിയേറ്ററുകള്‍ എന്നിവ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ തന്നെ തുടരാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒഡീഷ, ജമ്മു കശ്മീര്‍, ലഡാക്ക്, കേരളം എന്നിവിടങ്ങളില്‍ നിന്ന് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ തിങ്കളാഴ്ച ഇന്ത്യയില്‍ 124 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top