രാജ്യം ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പാര്‍ലെ. അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിലാണ് ഇത്രയും ബിസ്‌കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യുക. സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന ബിസ്‌കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഇതിനായി നിര്‍മ്മാണ യൂണിറ്റിലെ 50 ശതമാനം തൊഴിലാളികളെ ഉപയോഗിക്കും. ഓരോ ആഴ്ചയിലും ഒരു കോടി പാക്കറ്റ് വീതം വിതരണം ചെയ്യാനാണ് തീരുമാനമെന്ന് പാര്‍ലെ പ്രൊഡക്ട് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു. ‘സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകളും സര്‍ക്കാര്‍ ഏജന്‍സികളിലൂടെയാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
ഓരോ ആഴ്ചയും ഒരുകോടി പാക്കറ്റ് വീതം വിതരണത്തിന് സജ്ജമാക്കും. ആളുകള്‍ വിശന്നിരിക്കാതിരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്’-മായങ്ക് ഷാ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ലോക്ക്ഡൗണായ ശേഷം നിരവധി ആളുകളുടെ ജീവിതം താറുമാറായ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. ആരും പട്ടിണിയാകാതിരിക്കാന്‍ സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.