കൊറോണാവൈറസ് പകര്‍ച്ചവ്യാധി ചൈനയിലെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ച് കഴിഞ്ഞു. ചൈനയില്‍ നിന്നും വൈറസ് മറ്റിടങ്ങളിലേക്ക് പകര്‍ന്നത് പോലെ സമ്പദ് വ്യവസ്ഥയെ നേരിടുന്ന പ്രശ്‌നങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് പടരുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ മുന്നറിയിപ്പ്. ഇതോടെ 2020ലെ ആഗോള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് തകിടംമറിയുമെന്നാണ് ഐഎംഎഫ് മുന്നറിയിപ്പ്.
ജി20 ധനമന്ത്രിമാര്‍ക്കും, സെന്‍ഡ്രല്‍ ബാങ്കുകാര്‍ക്കും അയച്ച കുറിപ്പിലാണ് ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന നിരവധി അപകടങ്ങള്‍ ഐഎംഎഫ് ചൂണ്ടിക്കാണിച്ചത്. രോഗത്തിന് പുറമെ യുഎസ്- ചൈന വ്യാപാര സംഘര്‍ഷങ്ങളും, പ്രകൃതിക്ഷോഭങ്ങളുമാണ് ഭീഷണികളായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പകര്‍ച്ചവ്യാധി പോലുള്ള മുന്നറിയിപ്പില്ലാതെ എത്തുന്ന സംഭവങ്ങള്‍ കൂടുതല്‍ ഭീഷണിയാകുന്നതായി ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജ്ജിയേവ പറഞ്ഞു.
വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ അനിശ്ചിതാവസ്ഥ കുറയ്ക്കാന്‍ ജി20 നിയമനിര്‍മ്മാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഐഎംഎഫ് ആവശ്യപ്പെട്ടു. കൊറോണാവൈറസിന്റെ പ്രത്യാഘാതം വിലയിരുത്താന്‍ സൗദി അറേബ്യയില്‍ റിയാദില്‍ 20 ആധുനിക വ്യവസായവത്കരണമുള്ള സമ്പദ് വ്യവസ്ഥകളില്‍ നിന്നുള്ള ധനമന്ത്രിമാരും, കേന്ദ്ര ബാങ്ക് മേധാവികളും ഒത്തുചേരുന്നുണ്ട്.
പകര്‍ച്ചവ്യാധി തലവേദനയാണെങ്കിലും ആഗോള സമ്പദ് വ്യവസ്ഥ 3.3% വളരുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. വ്യാപാര സംഘര്‍ഷം മൂര്‍ച്ഛിക്കുകയോ, രോഗം കൂടുതല്‍ പടരുകയോ ചെയ്താല്‍ സ്ഥിതി തകിടം മറിയുമെന്നും ഐഎംഎഫ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം കൊറോണയെ മറികടന്ന് വളര്‍ച്ചാ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത്.