തെലുങ്കാനയിലെ കൊറോണ;യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 80 പേര്‍ നിരീക്ഷണത്തില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ യുവാവിന് കൊറോണ സ്ഥിരീകരിച്ചതോടെ യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 80 ഓളം പേര്‍ നിരീക്ഷണത്തില്‍.

ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് ഇയാള്‍ സഞ്ചരിച്ച ബസിലെ യാത്രക്കാരും അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും രോഗിയുടെ കുടുംബവുമടക്കം 80 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് തെലങ്കാന ആരോഗ്യമന്ത്രി എട്ടേല രാജേന്ദര്‍ പറഞ്ഞു.

ബെംഗളൂരുവില്‍ നിന്നും ഇയാള്‍ ഹൈദരാബാദില്‍ എത്തിയതിനു ശേഷം ആദ്യം താമസിച്ചത് മഹേന്ദ്ര ഹില്‍സിലാണ്. അസുഖത്തെ തുടര്‍ന്ന് ഇയാളെ ആദ്യം അപ്പോളോ ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും യുവാവിന്റെ ശരീരസ്രവങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊറോണ സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് പുതിയതായി മൂന്ന് കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇരുവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

ജയ്പുരില്‍ ചികിത്സയിലുള്ള ഇറ്റാലിയന്‍ വിനോദസഞ്ചാരിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Top