ക്വാറന്റൈനില്‍ നിന്നും മുങ്ങുന്നവരുടെ എണ്ണമേറുന്നു; ട്രെയിനില്‍ സഞ്ചരിച്ച 12 പേര്‍ പോസിറ്റീവ്

ന്ത്യന്‍ റെയില്‍വെ ശൃംഖലയില്‍ സഞ്ചരിച്ച പന്ത്രണ്ട് പേര്‍ കൊറോണാവൈറസില്‍ പോസിറ്റീവായതായി സ്ഥിരീകരിച്ചെന്ന് അധികൃതര്‍. നാല് പേര്‍ മുംബൈയില്‍ നിന്നും ജബല്‍പൂരിലേക്കുള്ള ഗോദാന്‍ എക്‌സ്പ്രസില്‍ മാര്‍ച്ച് 16ന് സഞ്ചരിച്ചവരാണ്. ബാക്കി എട്ട് പേര്‍ മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ നിന്നും രാമഗുന്താമിലേക്ക് എപി സംപര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലും യാത്ര ചെയ്തു. ഇവരെല്ലാം പോസിറ്റീവാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരിക്കുകയും ചെയ്‌തെന്ന് മന്ത്രാലയം വ്യക്തമാക്കി.

പകര്‍ച്ചവ്യാധി വന്‍തോതില്‍ ജനങ്ങളില്‍ പടരുന്നത് തടയാനുള്ള ശ്രമങ്ങള്‍ ഒരു വശത്ത് ഊര്‍ജ്ജിതമായി നടക്കുമ്പോഴാണ് മറുവശത്ത് സ്വന്തം കാര്യം നോക്കി ഈ ഭീകരത അരങ്ങേറുന്നത്. രോഗമുണ്ടെന്ന് സംശയിക്കപ്പെടുന്ന ക്വാറന്റൈനിലുള്ളവര്‍ മുങ്ങുന്നതും, ഇന്‍ഫെക്ഷന്‍ ബാധിക്കാത്ത ജനങ്ങള്‍ക്കൊപ്പം ഇടപഴകി സ്വന്തം ജീവിതവും, മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളുടെ എണ്ണമേറുകയാണ്. അത്തരം രണ്ട് യാത്രക്കാരെ ശനിയാഴ്ച ബെംഗളൂരു രാജധാനി എക്‌സ്പ്രസില്‍ നിന്നും ഇറക്കിയതായി റെയില്‍വെ വ്യക്തമാക്കി.

ദുബായില്‍ നിന്നും കഴിഞ്ഞ ആഴ്ച എത്തിയ ഇവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയേണ്ടവരാണെന്ന് വ്യക്തമാക്കുന്ന സ്റ്റാമ്പ് കൈയിലുള്ളപ്പോഴാണ് രാജധാനി എക്‌സ്പ്രസില്‍ ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര ചെയ്തത്. ഇവരെ തിരിച്ചറിഞ്ഞ ഉടനെ യാത്രക്കാരെ ഇറക്കി കോച്ച് അണുവിമുക്തമാക്കി. ഈ ആഴ്ച ആദ്യം ഹോം ക്വാറന്റൈന്‍ സ്റ്റാമ്പ് പതിച്ച ആറ് പേരാണ് ഗുജറാത്തിലേക്കുള്ള സൗരാഷ്ട്ര എക്‌സ്പ്രസില്‍ പിടിയിലായത്. സിംഗപ്പൂരില്‍ നിന്നു എത്തിയ ശേഷം ക്വാറന്റൈന്‍ ചെയ്തവരാണ് ഇതില്‍ നിന്നും മുങ്ങാന്‍ ശ്രമിച്ചത്.

കൊവിഡ്19 ബാധിക്കാത്ത ആളുകളിലേക്ക് ഇന്‍ഫെക്ഷന്‍ പകരുന്ന തരത്തിലുള്ള ഇത്തരം തെറ്റുകള്‍ കര്‍ശനമായി തന്നെ നേരിടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയമങ്ങള്‍ ഉപയോഗിച്ച് തന്നെ സംസ്ഥാനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. വയനാട്ടില്‍ കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ ലംഘിച്ച രണ്ട് പേരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മുങ്ങലുകള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആറ് മാസം വരെ ജയില്‍ശിക്ഷ നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top