ധാക്ക: ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചു. ബംഗ്ലാദേശിലെ കുട്ടുപലോംഗ് ക്യാമ്പിലുള്ള ഒരു അഭയാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് കോവിഡാണെന്ന സംശയം പ്രകടിപ്പിച്ചത്. പിന്നീട് നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
കോക്‌സ് ബസാറിലെ ഡോക്ടര്‍ വിത്ത് ഔട്ട് ബോര്‍ഡര്‍ ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലാണെന്ന് റെഫ്ര്യൂജി റിലീഫ് ആന്‍ഡ് റിപേട്രിയേഷന്‍ കമ്മീഷണര്‍ മുഹമ്മദ് മുഫ്ഫുസന്‍ റഹ്മാന്‍ പറഞ്ഞു. അതേസമയം, രോഗിയുടെ കുടുംബത്തിലെ ആറ് അംഗങ്ങളെ നിരീക്ഷണത്തിലാക്കിയതായും ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം ഉണ്ടായത് മുതല്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ രോഗം വ്യാപിച്ചാല്‍ കനത്ത ദുരന്തമുണ്ടാകുമെന്ന് അന്താരാഷ്ട്ര സംഘടനകള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ട് ഈ ക്യാമ്പ് ബംഗ്ലാദേശ് സീല്‍ ചെയ്തിരുന്നു. അയല്‍രാജ്യമായ മ്യാന്മറിലെ വംശീയവും മതപരവുമായ പീഡനങ്ങളില്‍ നിന്ന് പലായനം ചെയ്ത റോഹിംഗ്യന്‍ ജനത താമസിക്കുന്ന ഈ ക്യാമ്പില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. അത്യാവശ്യങ്ങള്ക്ക് മാത്രമേ ക്യാമ്പിലേക്കും പുറത്തേക്കും പോകാന് അനുവദിച്ചിരുന്നുള്ളൂ. പൊതുഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പൊലീസ് റോഡ് അടയ്ക്കുകയും പെട്രോളിങ് ശക്തമാക്കുകയും ചെയ്തിരുന്നു.