മ്യൂണിക്: ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവിസ്‌കി, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് തുടങ്ങിയവര്‍ക്കു പിന്നാലെ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ സാമ്പത്തിക സഹായവുമായെത്തുന്ന കായിക താരങ്ങളുടെ എണ്ണമേറുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള ടെന്നിസ് താരം റോജര്‍ ഫെഡററാണ് ഇപ്പോള്‍ സംഭാവന നല്‍കാന്‍ രംഗത്തെത്തിയത്. ഫെഡററും ഭാര്യ മിര്‍ക്കയും ചേര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ കൊറോണ വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മില്യന്‍ സ്വിസ് ഫ്രാങ്ക് (എട്ടു കോടിയോളം രൂപ) സംഭാവനയായി നല്‍കും. ഫെഡറര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരാള്‍പ്പോലും അവഗണിക്കപ്പെടാന്‍ പാടില്ലെന്ന് ഫെഡറര്‍ പറഞ്ഞു. വൈറസ് ബാധ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനങ്ങള്‍ക്കായാണ് സംഭാവനയെന്ന് വ്യക്തമാക്കിയ താരം, എല്ലാവരും ആവുന്നവിധം സഹായിക്കാനും ആഹ്വാനം ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിലാകെ ഇതുവരെ 10,000ത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആണ്.