സുരക്ഷാക്രമീകരണങ്ങളോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാനൊരുങ്ങുന്നു

ദുബായ്: കോവിഡ് സുരക്ഷാമാനദണ്ഡങ്ങളോടെ സൗദി അറേബ്യയില്‍ മക്ക ഒഴികെയുള്ള എല്ലാ മുസ്ലീം പള്ളികളും ഞായറാഴ്ച മുതല്‍ തുറക്കുന്നു. 40 ശതമാനം പേര്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനം അനുവദിക്കുന്നത്. 90,000-ഓളം പള്ളികളാണ് സൗദിയിലുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു ആരാധനാലയങ്ങള്‍.

വൈറസ് ബാധ പൂര്‍ണ്ണമായും പ്രതിരോധിക്കാനായില്ലെങ്കിലും, സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുപോകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. വിശ്വാസികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഭരണാധികാരികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം,നിസ്‌കാരത്തിനു മുന്നോടിയായുള്ള ശരീരശുദ്ധി വരുത്തല്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യണം, പ്രാര്‍ത്ഥനയ്ക്കുപയോഗിക്കുന്ന മുസല്ല ഓരോരുത്തരും കൊണ്ടുവരണം, 2 മീറ്റര്‍ വിട്ട് ഇരിക്കണം,സാനിറ്റൈസര്‍ കരുതണം. ആലിംഗനമോ കൈകൊടുക്കലോ പാടില്ല. മുതിര്‍ന്നവരും ഗുരുതര രോഗമുള്ളവരും 15 വയസ്സില്‍ താഴെ പ്രായമുള്ളവരും വീടുകളില്‍ തന്നെ പ്രാര്‍ത്ഥന നടത്തണം എന്നിവയടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

ദുബായിലും ആരാധനാലായങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുകയാണ്. വിശ്വാസികള്‍ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 60 വയസ്സിന് മുകളിലുള്ളവര്‍ , 12 വയസ്സിന് താഴെ പ്രായമുള്ളവര്‍ ഇവര്‍ക്ക് പ്രവേശനമുണ്ടാകില്ല. മുഖാവരണവും കൈയുറയും നിര്‍ബന്ധമാണ്. 20 മിനിറ്റായിരിക്കും പ്രാര്‍ത്ഥനാ സമയം. അതേസമയം

ദുബായില്‍ എന്നു മുതലാണ് ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.മാര്‍ച്ച് 16 മുതലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുസ്ലീം പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് പ്രവേശനം നിഷേധിച്ചത്.

Top