മാഡ്രിഡ്: ലോകവ്യാപകമായി കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെയിനില്‍ ഇതുവരെ 4209 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 36പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു.
ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് സ്‌പെയിന്‍. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളും തീയറ്ററുകളും കളിക്കളങ്ങളും ഷോപ്പിങ് മാളുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടുണ്ട്.
അടുത്ത ആഴ്ചയോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. വൈറസ് വ്യാപനത്തിന്റെ തോത് നിയന്ത്രിച്ചുകൊണ്ട് രാജ്യത്തെ എല്ലാ പൗരന്മാരേയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സാഞ്ചെസ് വ്യക്തമാക്കി.