കൊലയാളി വൈറസ് രാജ്യത്തെ 30ശതമാനം ജില്ലകളിലും എത്തി;പ്രതിസന്ധി രൂക്ഷമാകുന്നോ?

ന്യൂഡല്‍ഹി: കൊറോണ വൈറസ് എന്ന മഹാമാരി രാജ്യത്ത് വലിയ ഭീഷണി ഉയര്‍ത്തി നിയന്ത്രണാധീതമായി പടരുകയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ 30ശതമാനം ജില്ലകളിലും ഈ കൊലയാളി വൈറസ് എത്തി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ 720 ജില്ലകളില്‍ 211 ജില്ലകളിലും കൊറോണ രോഗത്തിനു കാരണമായ സാര്‍സ് കോവ് 2 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില സംസ്ഥാനങ്ങളിലെ 60% ജില്ലകളിലും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഈ കണക്കുകളിലുള്ളതിനേക്കാള്‍ കൂടുതല്‍ ജില്ലകളിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം. നിലവില്‍ രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 2000 കടന്നിട്ടുണ്ട്. പക്ഷെ 1965 പോസിറ്റീവ് കേസുകളുടെ കണക്കുകള്‍ മാത്രമാണ് ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളത്.

ഏപ്രില്‍ അവസാനത്തോടു കൂടി 16000 റെസ്പിറേറ്ററി പമ്പുകളുടെയും 5000 വെന്റിലേറ്ററുകളുടെയും ആവശ്യകത രാജ്യത്തിനു വന്നേക്കാമെന്നാണ് രാജ്യത്തെ പ്രമുഖ ഗവേഷകര്‍ പറയുന്നത്. 6000 വെന്റിലേറ്റര്‍ സൗകര്യങ്ങളും 2000 ഐസിയു യൂണിറ്റുകളും തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

Top