വൈറസ് ഒരു അദൃശ്യ ശത്രുവാണെങ്കില്‍ നമ്മുടെ യോദ്ധാക്കള്‍ അജയ്യരാണ്: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോവിഡ് മഹമാരിയുടെ പശ്ചാത്തലത്തില്‍ മൂന്ന് കാര്യങ്ങളില്‍ ജനങ്ങള്‍ പരമാവധി ചര്‍ച്ചയും പങ്കാളിത്തവും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുടെ സില്‍വര്‍ ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാമത്തേത് ടെലി മെഡിസിന്‍പുരോഗതിയാണ്. ടെലി മെഡിസിനില്‍ വലിയ തോതില്‍ ജനപ്രിയമാക്കുന്നതിന് പുതിയ മോഡലുകളെ കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തേത് ആരോഗ്യമേഖലയിലെ മെയ്ക്ക് ഇന് ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലെ പ്രാരംഭനേട്ടങ്ങള്‍ എനിക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നുവെന്നും നമ്മുടെ ആഭ്യന്തര നിര്‍മാതാക്കള്‍ പിപിഇകളുടെ ഉത്പാദനം ആരംഭിക്കുകയും ഒരു കോടിയോളം പിപിഇ കിറ്റുകള്‍ കോവിഡ് യോദ്ധാക്കള്‍ക്ക് വിതരണം ചെയ്യുകയുമുണ്ടായതായും മോദി പറഞ്ഞു.

മൂന്നാമത്തേത് ആരോഗ്യ മേഖലയിലെ ഐടി അനുബന്ധ ഉപകരണങ്ങളാണ്. ‘ആരോഗ്യസേതു’ സംബന്ധിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ആരോഗ്യബോധമുള്ള 12 കോടി ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തുവെന്നും കോവിഡിനെതിരായ പോരാട്ടത്തിന് ഇത് വളരെയേറെ സഹായകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ്19-നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് മെഡിക്കല്‍ സമൂഹവും കൊറോണ യോദ്ധാക്കളുമാണ്.

കൊറോണക്കെതിരെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായ അക്രമം, ദുരുപയോഗം, മോശം പെരുമാറ്റം എന്നി ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘വൈറസ് ഒരു അദൃശ്യ ശത്രുവായിരിക്കാം. എന്നാല്‍ നമ്മുടെ യോദ്ധാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിനെതിരായ ഇന്ത്യയുടെ ധീരമായ പോരാട്ടത്തിന്റെ വേര് മെഡിക്കല്‍ സമൂഹത്തിന്റേയും നമ്മുടെ കൊറോണ യോദ്ധാക്കളുടേയും കഠിനാധ്വാനമാണെന്നും യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പട്ടാളക്കാരെ പോലെ തന്നെയാണെന്നും അവര്‍ക്ക് പട്ടാളക്കാരുടെ യൂണിഫോം ഇല്ലെന്നെയുള്ളൂവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശാസ്ത്ര സമൂഹം എന്നിവരെ പ്രതീക്ഷയോടെയും നന്ദിയോടെയുമാണ് ലോകം നോക്കുന്നതെന്നും ലോകം നിങ്ങളില്‍ നിന്ന് പരിചരണവും ചികിത്സയും തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, 30,000 സീറ്റുകള്‍ എംബിബിഎസിലും ബിരുദാനന്തര ബിരുദത്തില്‍ 15,000 സീറ്റുകളും ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. നമ്മളെപ്പോലുള്ള ഒരു രാജ്യത്തിന് ശരിയായ മെഡിക്കല്‍ അടിസ്ഥാനസൗകര്യങ്ങളും മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നും രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ് അല്ലെങ്കില്‍ ബിരുദാനന്തര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top