പുതിയ തരം കൊറോണാവൈറസ് ബാധിച്ച് ചൈനയില്‍ മരണസംഖ്യ 25 ആയി ഉയര്‍ന്നു. എണ്ണൂറിലേറെ പേര്‍ക്ക് ഇതിനകം ഇന്‍ഫെക്ഷന്‍ ബാധിച്ചതായി ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സംഭവം അടിയന്തരാവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ചെങ്കിലും അവസ്ഥ അന്താരാഷ്ട്ര അടിയന്തരാവസ്ഥയെന്ന് പ്രഖ്യാപിക്കാന്‍ ഡബ്യുഎച്ച്ഒ തയ്യാറായില്ല.
ഇതുവരെ 830 കൊറോണാവൈറസ് കേസുകളാണ് സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി. 25 പേരാണ് വ്യാഴാഴ്ച വരെ മരണത്തിന് കീഴടങ്ങിയത്. ചൈനീസ് മധ്യനഗരമായ വുഹാനിലാണ് കൂടുതല്‍ കേസുകളും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വൈറസ് മേഖലയില്‍ പടര്‍ന്നുതുടങ്ങിയതെന്നാണ് കരുതുന്നത്.
അടിയന്തര പ്രാധാന്യമില്ലാത്ത കേസുകള്‍ മറ്റ് ഏഴ് രാജ്യങ്ങളിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച ലൂണാര്‍ ന്യൂഇയറിന്റെ ഭാഗമായി ചൈനക്കാര്‍ രാജ്യത്തിന് അകത്തും പുറത്തും സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ വൈറസ് കൂടുതല്‍ ഇടങ്ങളിലേക്ക് പടരുമെന്നാണ് ആശങ്ക. അന്താരാഷ്ട്ര ആശങ്കയ്ക്ക് ഇടനല്‍കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്ന് വിളിക്കാനുള്ള സമയമായിട്ടില്ലെന്ന് ഡബ്യുഎച്ച്ഒ എമര്‍ജന്‍സി കമ്മിറ്റി പാനല്‍ ചെയര്‍ ദിദിയര്‍ ഹൗസിന്‍ പറഞ്ഞു.
ചൈനയില്‍ ഇത് അടിയന്തരാവസ്ഥയാണ്. പക്ഷെ ഇതുവരെ ആഗോള ഹെല്‍ത്ത് എമര്‍ജന്‍സിസായി മാറിയിട്ടില്ല, ഡബ്യുഎച്ച്ഒ ചീഫ് ടെഡ്രോസ് അദാനോം ഗെബ്രെയ്‌സിസ് പറഞ്ഞു. വുഹാനില്‍ നിന്നും വൈറസ് പടരുന്നത് ഒഴിവാക്കാന്‍ വിമാനങ്ങള്‍ റദ്ദാക്കി, മറ്റ് യാത്രാ സംവിധാനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ് അധികൃതര്‍. തൊട്ടടുത്ത നഗരമായ ഹുവാന്‍ഗാംഗിലും സമാനമായ നടപടികളാണ് സ്വീകരിക്കുന്നത്.