മറ്റൊരു വാക്‌സിന് പരീക്ഷണവുമായി യുഎസ്; ഇത് കൊറോണയെ പ്രതിരോധിക്കുമോ?

വാഷിങ്ടന്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മറ്റൊരു വാക്‌സിന്‍ പരീക്ഷണം കൂടി ആരംഭിച്ചെന്ന് യുഎസില്‍നിന്നുള്ള വാര്‍ത്തകള്‍. പെന്‍സില്‍വാനിയയില്‍ ഉള്ള ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സാണ് പുതിയ വാക്‌സിനു പിന്നില്‍. മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചതിനു പിന്നാലെയാണ് യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നതിന് അനുമതി നല്‍കിയത്.

ഐഎന്‍ഒ4800 എന്നു പേരിട്ടിരിക്കുന്ന സിന്തറ്റിക് ഡിഎന്‍എ വാക്‌സിന്റെ രണ്ടു ഡോസ് വീതം കന്‍സാസ് സിറ്റി റിസര്‍ച് ലാബിലെ 40 ആരോഗ്യ പ്രവര്‍ത്തകരിലാണ് ആദ്യം പരീക്ഷിക്കുക. കൊവിഡിനു കാരണമാകുന്ന സാര്‍സ് കോവ് 2ന്റെ ജനിതകഘടനകളെക്കുറിച്ചു ചൈന നടത്തിയ പഠനങ്ങളാണ് കോവിഡ് വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വേഗം നല്‍കിയത്. അതിനാല്‍ പരീക്ഷണം ചൈനയിലേക്കു വ്യാപിപ്പിക്കാനും ഇനോവിയോ ശ്രമിക്കുന്നുണ്ട്.

പ്രത്യേകം തയാറാക്കിയ ദ്രാവകം രോഗിയില്‍ കുത്തിവച്ചു ശരീരത്തിലെ കോശങ്ങള്‍ക്ക് കൊവിഡ് രോഗമുണ്ടാക്കുന്ന വൈറസിനെതിരെ ആന്റിബോഡി നിര്‍മിക്കാന്‍ സാഹചര്യമൊരുക്കുന്ന രീതിയിലാണ് ഐഎന്‍ഒ4800 വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്. വൈറസിന്റെ ജനിതക കോഡിന്റെ ഒരു ഭാഗം കൃത്രിമ (സിന്തറ്റിക്) ഡിഎന്‍എയില്‍’പാക്കേജായി’ ചേര്‍ക്കുകയായിരുന്നു ഗവേഷകര്‍. ഇത് വാക്‌സിന്‍ രൂപത്തില്‍ കുത്തിവയ്ക്കുമ്പോള്‍ ശരീരകോശങ്ങള്‍ ദോഷകരമല്ലാത്ത പ്രോട്ടിന്‍ പതിപ്പുകള്‍ ഉല്‍പാദിപ്പിക്കും.

കൃത്രിമ ഡിഎന്‍എ കുത്തിവച്ച ശേഷം ആ ഭാഗത്തു വളരെ ചെറിയ തോതില്‍ ഇലക്ട്രിക്കല്‍ ഷോക്കും നല്‍കേണ്ടതുണ്ട്. വലുപ്പക്കൂടുതല്‍ കാരണം ശരീരകോശത്തിലേക്കു കടക്കുന്നതിന് സിന്തറ്റിക് ഡിഎന്‍എയ്ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാകും. ഇലക്ട്രിക് ഷോക്ക് വഴിയുണ്ടാകുന്ന പള്‍സാണ് ഇവിടെ വാക്‌സിനെ എളുപ്പം അകത്തെത്തി പെട്ടെന്നു പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുക. പുത്തന്‍ സാങ്കേതികതയാണ് സിന്തറ്റിക് ഡിഎന്‍എ രീതി. എന്നാല്‍ മറ്റു ചില രോഗങ്ങള്‍ക്കുള്ള വാക്‌സിനുകളില്‍ ഈ രീതി ഇനോവിയോ പ്രാവര്‍ത്തികമാക്കി വിജയിച്ചിട്ടുണ്ട്.

കൊറോണ വൈറസിനു മേല്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്രോട്ടീന്‍ തന്മാത്രകളാണ് മനുഷ്യന്റെ ശ്വാസനാളിയിലെ എയ്‌സ് 2 എന്ന പ്രോട്ടീനുമായി ചേര്‍ന്ന് രോഗബാധയ്ക്ക് കാരണമാകുന്നത്. ഇതിരെതിരെയുള്ള വാക്‌സിനാണ് അണിയറയില്‍ ഒരുങ്ങുന്നത്.

വെറ്ററിനറി മരുന്നുകളില്‍ നിരവധി ഡിഎന്‍എ വാക്‌സിനുകള്‍ ഉണ്ടെങ്കിലും മനുഷ്യശരീരത്തില്‍ ഇതു വിജയകരമായിട്ടില്ല. 2012ല്‍ മെര്‍സ് പടര്‍ന്നുപിടിച്ച സമയത്തുതന്നെ സിന്തറ്റിക് ഡിഎന്‍എ വാക്‌സിനുകളുടെ പരീക്ഷണം കമ്പനി ആരംഭിച്ചിരുന്നതായി ഇനോവിയോ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ചീഫ് കെയ്റ്റ് ബ്രോഡറിക് അറിയിച്ചു കഴിഞ്ഞു.

Top