കൊറോണ; സഹായിക്കാനായി അയര്‍ലന്‍ഡ് പ്രധാനമന്ത്രി വീണ്ടും വൈദ്യശാസ്ത്രത്തിലേക്ക്

ഡബ്ലിന്‍: ലോകരാജ്യങ്ങള്‍ കൊറോണയെ നേരിടുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയെ സഹായിക്കുന്നതിനായി വീണ്ടും ഡോക്ടറായി മാറി അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. കൊറോണയെ നേരിടുന്നതിനുള്ള ഐറിഷ് മെഡിക്കല്‍ സംഘത്തെ സഹായിക്കാന്‍ ആഴ്ചയിലൊരു ദിവസം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുമെന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ പരിധിയിലുള്ള മേഖലകളിലായിരിക്കും പ്രവര്‍ത്തിക്കുക. 2003-ല്‍ ഡബ്ലിനിലെ ട്രിനിറ്റി സര്‍വ്വകലാശാലയില്‍ നിന്നാണ് ലിയോ വരദ്കര്‍ മെഡിക്കല്‍ ബിരുദം നേടിയത്. അദ്ദേഹത്തിന്റെ പിതാവ് ഡോക്ടറും അമ്മ നഴ്‌സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

അതേസമയം, അയര്‍ലന്‍ഡില്‍ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ രംഗത്ത് യോഗ്യതയുള്ളവരും ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തവരുമായ ആളുകളോട് തിരിച്ചെത്താന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഇത്തരത്തില്‍ അറുപതിനായിരത്തോളം പേരാണ് സര്‍ക്കാര്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അയര്‍ലന്‍ഡില്‍ വൈറസ് ബാധിച്ച് 158 പേര്‍ മരിച്ചിട്ടുണ്ട്. അയ്യായിരത്തോളം പേര്‍ക്കാണ് രാജ്യത്താകമാനം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Top