പോരാട്ടം കൊറോണയും, എംഎസ് ധോണിയും തമ്മില്‍

ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ജനുവരി വരെ ഒന്നും ചോദിക്കരുതെന്നാണ് എംഎസ് ധോണി പറഞ്ഞിരുന്നത്. ജനുവരിയോടെ സ്വദേശമായ ജാര്‍ഖണ്ഡില്‍ ചെറിയ രീതിയില്‍ പരിശീലനം ആരംഭിച്ച ധോണി ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമുള്ള പരിശീലനത്തിലും ചേര്‍ന്നു. എന്നാല്‍ മുന്‍ നായകന്റെ ഏറെ ആഘോഷിക്കപ്പെട്ട തിരിച്ചുവരവ് ഒരു വില്ലന്റെ രംഗപ്രവേശത്തോടെ അസ്ഥാനത്തായി.

കൊറോണാവൈറസാണ് ആ വില്ലന്‍. പകര്‍ച്ചവ്യാധിയുടെ വെളിച്ചത്തില്‍ ഏപ്രില്‍ 15 വരെ ടൂര്‍ണമെന്റ് മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഇത് നടക്കുമോ, ഇല്ലയോ എന്ന കാര്യം ഇതുവരെ തീര്‍ച്ചപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 2 മുതല്‍ ഇന്ത്യയിലെ കൊറോണാവൈറസ് കേസുകളുടെ എണ്ണം സ്ഥിരതയോടെ ഉയരുന്നുണ്ട്. മഹാമാരിയെ തടുത്ത് നിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഏപ്രില്‍ 15 മുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കാനുള്ള സാധ്യതയും കുറവാണ്.

2019 ലോകകപ്പ് സെമി ഫൈനലില്‍ തോറ്റത് മുതല്‍ ധോണി ഇന്ത്യന്‍ ടീമില്‍ നിന്നും സ്വയം പ്രഖ്യാപിത ലീവിലാണ്. പിന്നീടുള്ള ടൂര്‍ണമെന്റുകളില്‍ സെലക്ഷന് ഹാജരായതുമില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ശീലമില്ലാത്തതിനാല്‍ താരം എന്താണ് ചിന്തിക്കുന്നതെന്ന് വ്യക്തവുമല്ല. എന്നാല്‍ ചെന്നൈയില്‍ എത്തിയത് മുതല്‍ താരം വ്യത്യസ്തമായ രീതിയിലാണ് പെരുമാറിയത്. താരങ്ങളുമായി നേരിട്ട് ഇടപഴകാന്‍ പോലും അദ്ദേഹം തയ്യാറായി. പരിശീലനത്തില്‍ പോലും സിക്‌സറുകള്‍ അടിച്ച് കാണികളെ രസിപ്പിച്ച് വാര്‍ത്തകളില്‍ തിരിച്ചെത്തി.

ഇതുവഴി ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്താമെന്നായിരുന്നു താരത്തിന്റെ കണക്കുകൂട്ടല്‍. പക്ഷെ വൈറസിന്റെ രൂപത്തില്‍ ആ പാര വന്നതോടെ കണക്കുകൂട്ടല്‍ തെറ്റി. ഐപിഎല്‍ കളിക്കാതെ താരത്തെ ടി20 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ക്ക് കാരണങ്ങള്‍ നിരത്താനും സാധിക്കില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നിലവിലെ അവസ്ഥയില്‍ ധോണിയെ രക്ഷിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല. ചുരുക്കം പറഞ്ഞാല്‍ ധോണിയും പോരാടുകയാണ്, കൊറോണയ്‌ക്കെതിരെ. പക്ഷെ ഇത് ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനാണെന്ന് മാത്രം!

Top