ചൈനയിലെ വുഹാനില്‍ നിന്നുത്ഭവിച്ച് ലോകം മുഴുവന്‍ കീഴടക്കി മുന്നേറുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി.
വെറും മൂന്ന് മാസം കൊണ്ടാണ് കൊറോണയ്ക്ക് 1 ലക്ഷത്തിലധികം പേരുടെ ജീവനെടുക്കാന്‍ കഴിഞ്ഞത്. ജനുവരി മധ്യത്തോടെ കൊറോണ വൈറസ് ഒരു ആഗോള പ്രശ്‌നമെന്ന നിലയിലേക്ക് എത്തി.
ജനുവരി ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുന്നതിന് മുന്‍പ് തായ്‌ലാന്‍ഡിലാണ് ഒരാളില്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതിന് പിന്നാലെ പ്രവചനാതീതമായ വേഗത്തിലായിരുന്നു കൊവിഡ് 19 വൈറസ് പടര്‍ന്നത്. എന്നാല്‍ ആഗോളതലത്തില്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറയുകയും രോഗികളുടെ എണ്ണം പത്ത് ലക്ഷം കവിയുന്ന നിലയിലേക്ക് കൊവിഡ് 19 വളരെ കുറച്ച് സമയം മാത്രമാണ് എടുത്തത്. 105952 പേര്‍ ഇതിനോടകം കൊറോണ വൈറസ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍.
എന്നാല്‍ ലോകത്തെ ഞെട്ടികുന്ന മറ്റൊരു കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഐക്യരാഷ്യസംഘടനയില്‍ അംഗമായ 193 രാജ്യങ്ങളില്‍ ചില രാജ്യങ്ങളില്‍ കൊറോണയുടെ നിഴല്‍ പോലുമെത്തിയിട്ടില്ല. 193 രാഷ്ട്രങ്ങളില്‍ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല.
കൊമോറോസ്, കിരിബാത്തി, ലെസോത്തോ, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, നൌരു, ഉത്തര കൊറിയ, പാലൌ, സാവോ തോം ആന്‍ഡ് പ്രിന്‍സിപി, സോളമന്‍ ദ്വീപുകള്‍, സൌത്ത് സുഡാന്‍, തജിക്കിസ്ഥാന്‍, ടോംഗ, തുര്‍ക്ക്‌മെനിസ്ഥാന്‍, ടുവാലു, വന്വാടു, യെമന്‍ എന്നീ രാജ്യങ്ങളായിരുന്നു അവ. എന്നാല്‍ യെമനിലും സൌത്ത് സുഡാനിലും ആദ്യ കൊവിഡ് 19 പിന്നാലെ സ്ഥിരീകരിച്ചു. വളരെ കുറച്ച് സന്ദര്‍ശകര്‍ എത്തുന്ന ചെറിയ ദ്വീപുകളാണ് ഇവയില്‍ ഏറിയവയും.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും കുറവ് സന്ദര്‍ശകരുള്ള പത്ത് രാജ്യങ്ങളാണ് ഇവയെല്ലാം. വൈറസ് ബാധയില്ല ജനസംഖ്യയില്‍ മുന്നിലുള്ള രാജ്യം ഉത്തര കൊറിയയാണ്. ഏഷ്യയില്‍ തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് വൈറസ് ബാധയില്ലാതെയുള്ളത്. ആഫ്രിക്കയിലെ ലെസോത്തോ, കൊമോറോസ് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പട്ടികയിലെ മറ്റെല്ലാ രാജ്യങ്ങളും ശാന്തസമുദ്രത്തില്‍ ചിതറിക്കിടക്കുന്ന രാജ്യങ്ങളാണ്. ഇവയില്‍ എല്ലാം തന്നെ ജനസംഖ്യയും വളരെ കുറവാണ്. വത്തിക്കാന്‍ സിറ്റി, മൊണോക്കോ എന്നിവ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ നൌരുവില്‍ ആകെയുള്ളത് 10823 പേരാണ്. ഭൂമിയിലെ തന്നെ ഏറ്റവും കുറവ് സന്ദര്‍ശകരുള്ള രാഷ്ട്രം കൂടിയാണ് നൌരു. ഒരു കേസ് പോലുമില്ലാതിരുന്നിട്ടും കിരിബാത്തി, ടോംഗ, വന്വാടു എന്നിവിടങ്ങളില്‍ ഇതിനോടകം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണുള്ളത്.
മറ്റ് രാജ്യങ്ങളുമായി കര അതിര്‍ത്തി പങ്കിടുന്നതും സഞ്ചാരികള്‍ നിരന്തരം എത്തുന്നതുമായ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചിട്ടുള്ളത് ഭാവിയില്‍ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.