കൊറോണ; ചൈനയില്‍ സാങ്കേതിക വ്യവസായ സ്ഥാപനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തെ മുന്‍നിര സാങ്കേതിക വ്യവസായ സ്ഥാപനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍. ഗൂഗിള്‍, ആപ്പിള്‍ പോലുള്ള കമ്പനികളും ചൈനയിലെ തന്നെ മുന്‍നിര ഇലക്ട്രോണിക് ഉല്പന്ന നിര്‍മാതാക്കളും നിര്‍മാണ യൂണിറ്റുകളും, വില്‍പന ശാലകളും അടച്ചുപൂട്ടി.

സാങ്കേതിക വ്യവസായ കമ്പനികളുടെ ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന. അതിനാല്‍ തന്നെ ചൈനയില്‍ ഉണ്ടാകുന്ന നഷ്ടം വരുമാനത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ഏറ്റവും അധികം ബാധിച്ചത് ആപ്പിള്‍ കമ്പനിയെയാണ്. മൂന്ന് സ്റ്റോറുകളാണ് ആപ്പിള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരിക്കുന്നത്.

ചൈനയിലെ കൊറോണ വൈറസ് വ്യാപനം മൂലം തിരിച്ചടി നേരിടുന്ന മറ്റൊരു കമ്പനി ഗൂഗിളാണ്. ഗൂഗിളിന്റെ ചൈനയിലെ നിരവധി ഓഫീസുകള്‍ താത്കാലികമായി അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരുടെ ചൈനാ യാത്രകളും കമ്പനി വിലക്കി. കൂടാതെ ഷാവോമിയെ പോലെ ചൈനയില്‍ നിന്നുള്ള മുന്‍നിര കമ്പനികളെയും കൊറോണ ബാധിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജിയും ചൈനയിലേക്കുള്ള ജീവനക്കാരുടെ യാത്രകള്‍ വിലക്കിയിരിക്കുകയാണ്.

Top