കൊറോണ: ആലപ്പുഴയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു

ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ച്ചയായ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ അനുമതി നല്‍കിയത്.

ഫെബ്രുവരി 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ഇയാളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗി സാധാരണ നിലയിലേക്ക് എത്തിയെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കൊറോണ പടര്‍ന്നു പിടിച്ച ചൈനയിലെ വുഹാനില്‍ നിന്നും എത്തിയയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇയാളെ കര്‍ശന നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ രോഗിയുടെ കുടുംബാംഗങ്ങളും പാലിച്ചു.

നിലവില്‍ ആലപ്പുഴ ജില്ലയിലെ ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലില്ല. വീടുകളില്‍ 139 പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് 2,455പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

അതേസമയം,ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1368 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. മരണം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,286 ആയി. പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നും വൈറസ് നിയന്ത്രണവിധേയമാകുന്നുവെന്നും ചൈന അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇത്രയധികം പേര്‍ ഒറ്റദിവസം മരിച്ചത്.

Top