കോട്ടയം: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ മുന്നോട്ട്. ചൈനയിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥി കോട്ടയത്ത് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇവർ നിലവിൽ പൂർണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനിൽ പെൺകുട്ടികളടക്കമുള്ള 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. കോഴ്‌സ് പൂർത്തിയാക്കി ഇൻറേൺഷിപ്പിനായി സർവ്വകലാശാലയിൽ തുടരുന്ന വിദ്യാർത്ഥികളാണ് കുടുങ്ങികിടക്കുന്നത്.
നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. 20 മലയാളികളടക്കം 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് അവിടെയുള്ളത്. വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥർ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. ചൈനയിൽ വൈറസ് ബാധിച്ച് ഇതുവരെ 25 പേരാണ് മരണത്തിനു കീഴടങ്ങിയത്. 830 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.