ലോകത്തെയാകെ അപകട ഭീതിയിലാക്കി പടര്‍ന്നു പിടിക്കുകയാണ് കൊവിഡ്19. വൈറസ് വ്യാപനത്തിനെതിരെ ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലം പാലിക്കലാണ്. മറ്റുള്ള വ്യക്തികളുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. പല രീതിയില്‍ പൊലീസും, മറ്റ് പ്രമുഖരും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് പലതരത്തില്‍ വിവരിച്ച് തരികയും ചെയ്തിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി. ഇതിനായി നിലവിലെ ലോഗോയില്‍ അല്‍പ്പം മാറ്റി വരുത്തി പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
രണ്ടുപേര്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതിന്റെ ആവിഷ്കരണമായിരുന്നു ഹ്യുണ്ടായിയുടെ നിലവിലെ ലോഗോ. ചെരിച്ചെഴുതിയ ഒ ഇംഗ്ലീഷ് അക്ഷരവും ചുറ്റും ഓവല്‍ ആകൃതിയില്‍ ഒരു വട്ടവും. രണ്ട് വ്യക്തികള്‍ തമ്മില്‍ കൈകൊടുക്കുന്ന മറ്റൊരു പ്രതീകാത്മക ചിത്രം. എന്നാല്‍, ഷേയ്ക്ക് ഹാന്‍ഡ് ഒഴിവാക്കണമെന്ന കൊറോണ കാലത്തെ മുന്നറിയിപ്പ് മുന്‍നിര്‍ത്തിയാണ് ലോഗോയുടെ ഡിസൈനില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനായി കൈ പിരിയുന്നതും, ശുചിത്വത്തിനായി കൈ കഴുകുന്നതുമാണ് ലോഗോയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഷെയ്ക്കിന് പകരം എല്‍ബോ ഷെയ്ക്കിലാണ് ഡിസൈന്‍ ചെതിരിക്കുന്നത്. അതോടൊപ്പം തന്നെ കൈ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകുന്നതിന്റെ ആവശ്യകതയും കമ്പനി ലോഗോയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഹ്യുണ്ടായി വേള്‍ഡ്വൈഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുതിയ ലോഗോ പുറത്തുവിട്ടത്. ലോഗോയില്‍ രൂപമാറ്റം വരുത്തിയിരിക്കുന്നത് ബോധവത്കരണത്തിന് വേണ്ടി മാത്രമാണെന്നും ഹ്യുണ്ടായി പറയുന്നുണ്ട്.