കൊറോണ വ്യാപനം തടയുന്നതില്‍ ഇന്ത്യയ്ക്ക് വീഴ്ച്ച പറ്റി; അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിന് വീഴ്ച്ച പറ്റിയെന്ന് ഇന്ത്യയെ പഴിച്ച് ആരോഗ്യ വിദഗ്ധര്‍. കൊറോണ വ്യാപനം തടയുന്നതിന് ലക്ഷക്കണക്കിന് ആളുകളുടെ സ്രവങ്ങള്‍ ദക്ഷിണ കൊറിയ പരിശോധനയ്ക്കു വിധേയമാക്കി. ദക്ഷിണ കൊറിയയില്‍ മൊബൈല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രംഗത്തിറക്കിയാണു രോഗവ്യാപനത്തിനു തടയിട്ടത്. എന്നാല്‍ കൂടുതല്‍ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാത്ത ഇന്ത്യയുടെ നടപടിയെയാണ് ആരോഗ്യ വിദഗ്ധര്‍ പഴിക്കുന്നത്. രോഗ വ്യാപനം തടയുന്നതിനായി അടിയന്തരമായി ഇന്ത്യ സ്വീകരിക്കേണ്ട നടപടികളും രാജ്യാന്തര ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്ലേഗിന്റെ വ്യാപനം തടയാനായി 1896-ല്‍ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയെ ഇത്തരം പരിശോധനകളില്‍നിന്നു വിലക്കിയിരിക്കുകയാണ്. എന്നാല്‍ അത് പിന്‍വലിച്ച് സ്വകാര്യ മേഖലയിലുള്ളവര്‍ക്കും സ്രവ പരിശോധനയ്ക്ക് അനുമതി നല്‍കണം. അമേരിക്ക , യൂറോപ്പ് പോലുള്ള പല വിദേശ രാജ്യങ്ങളിലും നിലവില്‍ ഉപയോഗത്തിലിരിക്കുന്ന പല രാജ്യാന്തര പരിശോധനാ കിറ്റുകളും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. അത് പിന്‍വിക്കുക.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന നിലവിലെ സംവിധാനം പൂര്‍ണമായും ഒഴിവാക്കണം. ക്യൂവില്‍ നില്‍ക്കുമ്പോള്‍ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ആളുകളുടെ വീട്ടിലെത്തി സ്രവം ശേഖരിച്ചു പരിശോധന നടത്തണം. ഇത്തരത്തില്‍ ശേഖരണം നടത്താന്‍ ആയിരക്കണക്കിന് ആളുകള്‍ വേണ്ടിവരും. അതുകൊണ്ടു തന്നെ സ്വകാര്യമേഖലയുടെ സഹായം തേടണം. പരിശോധന പൂര്‍ണമായും സൗജന്യമാക്കണം. ഇതിനായി അടിയന്തരമായി കൂടുതല്‍ ഫണ്ട് സര്‍ക്കാര്‍ ലഭ്യമാക്കണം.

കോവിഡ് ബാധിതരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണം. സ്വകാര്യ ആശുപത്രികളിലും ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി രോഗികളെ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top