കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ലീഗ് ഫുട്‌ബോള്‍ സീസണ്‍ ഉപേക്ഷിച്ചു. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പാരിസ് സെന്റ് ജര്‍മനെ (പിഎസ്ജി)യെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചു. സെപ്റ്റംബറിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗോ റഗ്ബി ലീഗോ മറ്റ് കായിക മത്സരങ്ങളോ പുനരാരംഭിക്കാനാവില്ലെന്ന് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് മാഴ്‌സെയെക്കാള്‍ 12 പോയന്റ് ലീഡാണ് പിഎസ്ജിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് സീസണില്‍ പി എസ് ജിയുടെ ഏഴാം കിരീടമാണിത്. ലീഗ് സീസണ്‍ അവസാനിപ്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള മാഴ്‌സെയ്ക്കും മൂന്നാം സ്ഥാനത്തുള്ള സ്റ്റേഡ് റെന്നായിസിനും അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പായി.
ഫ്രഞ്ച് ലീഗ് എപ്പോള്‍ പുനരാരാംഭിക്കണമെന്ന കാര്യത്തില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മെയില്‍ തീരുമാനമെടുക്കാനിരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ജൂണില്‍ ലീഗ് മത്സരങ്ങള്‍ പുനരാരാംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് അധികൃതര്‍.
കൊവിഡ് രോഗബധയുടെ പശ്ചാത്തലത്തില്‍ 5000ല്‍ അധികം പേര്‍ ഒത്തുകൂടാന്‍ ഇടയുള്ള രാജ്യത്തെ കായിക, വിനോദ, വാണിജ്യ പരിപപാടികളൊന്നും സെപ്റ്റംബറിന് മുമ്പ് അനുവദിക്കാനാവില്ലെന്ന് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നവേളയില്‍ എഡ്വേര്‍ഡ് ഫിലിപ്പെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.