ആഗോളവ്യാപകമായി കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനത്തില്‍ കേരളത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടലുകളെ പ്രശംസിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രജ്ദീപ് സര്‍ദേശായി.
കോവിഡില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിക്കാന്‍ ഒരുങ്ങുമ്പോള്‍ മാതൃകയാക്കേണ്ട ഒരു സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ട്വീറ്ററിലൂടെ കുറിച്ചു.
സംസ്ഥാന മുഖ്യമന്ത്രികളുമായി സംവദിക്കാൻ പ്രധാനമന്ത്രി തയ്യാറെടുക്കുമ്പോൾ, കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഒരു മാതൃകയായി അദ്ദേഹവും മറ്റുള്ളവരും നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു സംസ്ഥാനം കേരളമാണ് .. ഇന്ന് കേരളം എന്താണ് ചിന്തിക്കുന്നത്, ഇന്ത്യ നാളെ ചിന്തിക്കണം-രജ്ദീപ് സര്‍ദേശായി കുറിച്ചു.
കോവിഡ് 19യിലും നിപ്പയിലും കേരളം കാട്ടിയ ജാഗ്രതയ്ക്ക് ദേശീയ-അന്തര്‍ ദേശീയതലങ്ങളില്‍ ശ്രദ്ധ ലഭിച്ചിരുന്നു. കോവിഡിന്റെ ആദ്യഘട്ടം തടയുന്നതില്‍ കേരളം മറ്റ് ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയായിരുന്നു. അതിനിടെ, സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ എണ്ണിപ്പറഞ്ഞ് സുപ്രീംകോടതിയും പ്രശംസിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് 20000 കോടിയുടെ പാക്കേജ് ആണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതെ നമ്മുടെ കേരളം മാതൃകയാവുകയാണ് രാജ്യത്തിനു തന്നെ.
As the PM prepares to interact with state CMs, the one state he and others may wish to hold up as a exemplar in fight against corona is Kerala.. what Kerala thinks today, India must think tomorrow: where public health meets social responsibility!! https://t.co/6r5FFXRe1b
— Rajdeep Sardesai (@sardesairajdeep) March 20, 2020
ഏപ്രില്‍ മേയ് മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റി വെയ്ക്കും. നിലവില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഉപഭോക്താക്കളായവര്‍ക്ക് മാര്‍ച്ചില്‍ തന്നെ പെന്‍ഷന്‍ നല്‍കും.
രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചായിരിക്കും നല്‍കുകയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിച്ച പ്രധാനമന്ത്രി ലോകമഹായുദ്ധകാലത്തെ പോലെയുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് പരാമര്‍ശിച്ചു. വൈകീട്ട് അഞ്ചു മണിക്ക് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും മോദി പറഞ്ഞിരുന്നു. അഞ്ചു മിനിട്ട് പ്ലേറ്റ് കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനം അറിയിക്കണമെന്നുമാണ് മോദി പറഞ്ഞത്.