വ്യാജ വിവരം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പതഞ്ജലിക്ക് 10 ലക്ഷം രൂപ പിഴ. മദ്രാസ് ഹൈക്കോടതിയിലാണ് പിഴ വിധിച്ചത്. കൊറോണില്‍ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്നാണ് പതഞ്ജലി അവകാശപ്പെട്ടിരുന്നത്.
”പതഞ്ജലിയും ദിവ്യ യോഗ് മന്ദിര്‍ ട്രസ്റ്റും പറഞ്ഞുകൊണ്ടേയിരിക്കുന്നത് അവരുടേത് 10000 കോടിയുടെ കമ്പനിയാണെന്നാണ്. എന്നിട്ടും കോവിഡിനെ ചൊല്ലിയുള്ള ജനങ്ങളുടെ പരിഭ്രാന്തിയും ഭയവും അവര്‍ ചൂഷണം ചെയ്യുകയാണ്. കൊറോണില്‍ കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാല്‍ ചുമയ്ക്കും ജലദോഷത്തിനും പനിക്കും ഉപയോഗിക്കാവുന്ന പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്ന് മാത്രമാണ് കൊറോണില്‍”- 104 പേജുള്ള ഉത്തരവില്‍ ജസ്റ്റിസ് സി വി കാര്‍ത്തികേയന്‍ വ്യക്തമാക്കി.
5 ലക്ഷം രൂപ വീതം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഗവണ്‍മെന്റ് യോഗ ആന്റ് നാച്ചുറോപ്പതി മെഡിക്കല്‍ കോളജിനും പതഞ്ജലി നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഈ സ്ഥാപനങ്ങള്‍ ഒരു അവകാശവാദവും പറയാതെ ജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആഗസ്ത് 21ന് മുന്‍പ് പതഞ്ജലി പിഴ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്.
ഗുളികക്ക് കൊറോണില്‍ എന്ന പേര് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അരുദ്ര എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കൊറോണില്‍ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്.