Corrective intervention of Vs before take the position

തിരുവനന്തപുരം: സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് സര്‍ക്കാരിനെ തിരുത്തിയും എം കെ ദാമോദരനെതിരെ ആഞ്ഞടിച്ചും വിഎസ് രംഗത്ത്.

താന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം അലങ്കരിക്കാതിരിക്കാന്‍ അണിയറയില്‍ സംഘടിത നീക്കം നടന്നതായി ആരോപിച്ച് രംഗത്ത് വന്ന എം കെ ദാമോദരന്‍ വിഎസിനെ ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് പ്രതികരണം.

ദാമോദരന്റെ വാദങ്ങള്‍ ചുച്ഛിച്ച് തള്ളുകയാണെന്ന് പറഞ്ഞ വിഎസ് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നത് പോലെയാണ് ഈ ആക്ഷേപമെന്നും പരിഹസിച്ചു.

ഐസ്‌ക്രീം കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയിലെടുത്ത നിലപാടില്‍ കുപിതനായ വിഎസ് ഘടകകക്ഷിയായ സിപിഐയെ ഉപയോഗപ്പെടുത്തി ദാമോദരനെതിരായി നീക്കം നടത്തിയതായാണ് ആക്ഷേപം ഉയര്‍ന്നിരുന്നത്.

ഇടത് മുന്നണി യോഗത്തില്‍ ദാമോദരനെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെടാനിരിക്കെയായിരുന്നു നാടകീയമായ അദ്ദേഹത്തിന്റെ പിന്മാറ്റം. ഇതിന് വഴിയൊരുക്കിയതാവട്ടെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും.

അതേസമയം ഇരട്ട പദവി ഭേദഗതി ബില്‍ നിയമസഭ പാസാക്കിയതോടെ ഉടന്‍ തന്നെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനായി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ് വിഎസ്. കാബിനറ്റ് റാങ്കോടെ നിയമനം ലഭിക്കുന്ന അദ്ദേഹത്തിന് ഔദ്യോഗിക വസതിയും വഹനവും ഉള്‍പ്പെടെ മന്ത്രിപദവിക്ക് തുല്യമായ സകല പരിഗണനയും ലഭിക്കും.

നേരത്തെ ഇരട്ട പദവി പ്രശ്‌നം ചര്‍ച്ച ചെയ്ത നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ദിവസം സഭയില്‍ അവതരിപ്പിച്ച ഭേദഗതി ബില്ലാണ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപോക്കിനിടെ സഭ അംഗീകരിച്ചത്.

കഴിഞ്ഞ അനവധി വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തില്‍ സിപിഎം നേതാവായും പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായുമെല്ലാം നിറസാനിധ്യമായിരുന്ന ഈ 93കാരനെ മുന്‍ നിര്‍ത്തിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ ഇടതുമുന്നണി നേരിട്ടത്. മുഖ്യമന്ത്രി ആദ്യത്തെ ഒരു വര്‍ഷമെങ്കിലും വിഎസ് ആകുമെന്നായിരുന്നു പ്രചരണം.മലമ്പുഴയില്‍ വിഎസ് മത്സരിച്ചത് ഈ വാദത്തിന് ശക്തി പകര്‍ന്നിരുന്നു.എന്നാല്‍ ഇടതുമുന്നണി തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ അധികാരമേറ്റപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഐക്യകണ്‌ഠേന മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് പിണറായി വിജയനെയായിരുന്നു.

ഇതു സംബന്ധമായി സിപിഎം കേന്ദ്ര നേതൃത്വം വിഎസുമായി ഉണ്ടാക്കിയ ധാരണയില്‍ മുന്‍പ് ഇഎംഎസ് അടക്കമുള്ളവര്‍ വഹിച്ച ഭരണ പരിഷ്‌ക്കാര അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

നിലവില്‍ സി.പിഎം കേന്ദ്ര കമ്മിറ്റിയില്‍ ‘വെറും ഒരു ക്ഷണിതാവ്’ മാത്രമായ വിഎസിന് പാര്‍ട്ടിയില്‍ പോലും ഒരു ഘടകമില്ല.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാകട്ടെ അച്ചടക്ക ലംഘനം പരിശോധിക്കുന്ന പിബി കമ്മിഷന്‍ റിപ്പോര്‍ട്ടിന് ശേഷമേ പരിഗണിക്കുകയുള്ളൂ.

ഈ സാഹചര്യത്തില്‍ ‘മലമ്പുഴ എംഎല്‍എ വിഎസ്‌’ എന്ന പദവിക്കപ്പുറം സംസ്ഥാന ഭരണത്തിന് നിര്‍ദേശം നല്‍കുന്ന സമിതിയുടെ അദ്ധ്യക്ഷനായി അധികാരമേല്‍ക്കുന്നതോടെ സജീവമായി ഭരണ രംഗത്തും പൊതു രംഗത്തും ഇടപെടല്‍ നടത്താനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

ഇനി വിഎസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു അവഗണിക്കുക ബുദ്ധിമുട്ടാകും. പൊതു സമൂഹത്തിനിടയിലും വിഎസിന്റെ നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടും.

നിയമസഭയില്‍ വിഎസിന്റെ പദവി സംബന്ധിച്ച ബില്‍ പാസായി മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് സുശീല ആര്‍ ഭട്ടിനെ മാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസ് നേരിട്ട് കത്ത് നല്‍കിയത് ചുമതലയേല്‍ക്കുന്നതിന് മുന്‍പ് തന്നെയുള്ള ആദ്യ ഇടപെടലാണ്.

സുശീലയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നത് റവന്യൂ കേസുകളെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യം പുനപരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

സുശീല ഭട്ടിന്റെ സ്ഥാനചലനം എസ്‌റ്റേറ്റ് ‘മാഫിയ’കളെ സഹായിക്കാനാണെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരിക്കെയാണ് വിഎസിന്റെ ഈ ഇടപെടല്‍.

തുടര്‍ന്നും ഇനിയങ്ങോട്ട് ഇത്തരം കാര്യങ്ങളില്‍ വിഎസ് ശക്തമായ ഇടപെടല്‍ നടത്തുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് എന്നതിനപ്പുറം ഭരണപരിഷ്‌കാര ചെയര്‍മാന്‍ അദ്ധ്യക്ഷന്‍ എന്ന പദവി കൂടി വിഎസ് ഉപയോഗപ്പെടുത്തുന്നത് സര്‍ക്കാരിന് തലവേദനയാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

അതേസമയം വിവാദപരമായ തിരുമാനങ്ങള്‍ മൂലം പ്രതിച്ഛായ മങ്ങിയ സര്‍ക്കാരിന്റെ ശോഭ പടര്‍ത്താന്‍ വിഎസിന്റെ വരവോടെ കഴിയുമെന്നാണ് ഇടത് അണികളുടെ പ്രതീക്ഷ.

Top