കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. 662 കോടി രൂപയുടെ അഴിമതി ആരോപണമാണ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജിവെക്കണമെന്ന ആവശ്യം ശക്തമായത്.
അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരാണ് കര്‍ണാകയിലെ ബി.ജെ.പിയെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞത്. മുഖ്യമന്ത്രിയ്‌ക്കോ പാര്‍ട്ടിയ്‌ക്കോ ലജ്ജയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്വയം രാജിവെക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടി പുറത്താക്കുകയോ ചെയ്യണമെന്നും മനു സിംഗ്വി പറഞ്ഞു.
ബാംഗ്ലൂര്‍ വികസന അതോറിറ്റി കോണ്ട്രാക്ടറുടെ കയ്യില്‍ നിന്നും യെദ്യൂരപ്പയുടെ മകന്‍ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ ആരോപണത്തെ മുന്‍നിര്‍ത്തിയാണ് സിംഗ്വിയുടെ വിമര്‍ശനം. യെദ്യൂരപ്പയുടെ മകനും ചെറുമകനും ഉള്‍പ്പെട്ട അഴിമതി ആരോപണത്തിന്‌റെ വാട്‌സ്ആപ്പ് ഓഡിയോയും സംഭാഷണ തെളിവുകളും ലഭിച്ചിരുന്നു. അഴിമതിയില്‍ നേരിട്ട് പങ്കുണ്ടെന്നും മനസിലാക്കി. എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി രാജിവെക്കാത്തതെന്നും മനു സിംഗ്വി ചോദിച്ചു.
പ്രധാനമന്ത്രിയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് സിംഗ്വി നടത്തിയത്. സ്വന്തം വീട്ടില്‍ അഴിമതി നടക്കുമ്പോള്‍ മറ്റുള്ളവരുടെ വീട്ടില്‍ പ്രധാനമന്ത്രി കാവല്‍ നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.