അഴിമതിക്കേസ് ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗം: ലാലു പ്രസാദ് യാദവ്

Lalu Prasad Yadav

ന്യൂഡല്‍ഹി: ബിജെപി നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് സിബിഐ ചുമത്തിയ അഴിമതിക്കേസെന്ന ആരോപണവുമായി ലാലു പ്രസാദ് യാദവ്.

ഹോട്ടലുകള്‍ സ്ഥാപിക്കാനായി ടെണ്ടറുകള്‍ നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി എന്നിവരടക്കം നാലു പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു.

ഇതിനെതിരെ പ്രതികരണവുമായാണ് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിരിക്കുന്നത്.

ഇതെല്ലാം കണ്ട് താനും തന്റെ പാര്‍ട്ടിയും ഭയക്കില്ലെന്നും എല്ലാം ഗൂഢാലോചന ആണെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ബിജെപി സര്‍ക്കാരിനെതിരെ സംസാരിക്കുന്ന ആരെയും വെട്ടിവീഴ്ത്തുകയാണ് അവരുടെ നയമെന്നും ഹോട്ടലുകളുടെ ടെന്‍ഡര്‍ വിളിച്ചതില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും ലാലു ആരോപിച്ചു.

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രി ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം. ലാലുവിനെയും ഭാര്യയേയും കൂടാതെ മകന്‍ തേജസ്വി, റെയില്‍വേയുടെ കാറ്ററിംഗ്, ടൂറിസം വിഭാഗമായ ഐ.ആര്‍.സി.ടി.സി മുന്‍ മാനേജിംഗ് ഡയറക്ടര്‍ പി.കെ.ഗോയല്‍, ലാലുവിന്റെ അടുത്ത സഹായി പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സര്‍ല ഗുപ്ത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Top