മുംബൈ: മദ്യശാലകളില്‍ നിന്നും പബ്ബുകളില്‍ നിന്നും കോടിക്കണക്കിന് രൂപ പണപ്പിരിവ് നടത്തിയ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി ദില്ലിയിലെ ഒളിത്താവളത്തിലെന്ന് സൂചന. ഇതിനിടെ അനില്‍ ദേശ്മുഖിന്റെ മകനെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ് മുഖിന് കുരുക്ക് മുറുകുകയാണ്. ബാറുടമകളില്‍ നിന്ന് വാങ്ങിയ 4 കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിന് തെളിവുകള്‍ ലഭിച്ചു. ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട് 50 കോടിയോളം രൂപയുടെ ഇടപാടുകള്‍ ദുരൂഹമായും തുടരുന്നു. ഇതിനെല്ലാം സഹായിച്ച മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും ഓഫീസ് അസിസ്റ്റന്റിനെയും ഇഡി അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
രണ്ട് തവണയും ചോദ്യം ചെയ്യലിന് മുങ്ങിയ മന്ത്രിയെ തേടി ഇഡി ഉദ്യോഗസ്ഥര്‍ മുംബൈയിലെ വസതികളില്‍ കഴിഞ്ഞ ദിവസവും പോയെങ്കിലും മന്ത്രി മുങ്ങിയെന്നാണ് മനസിലായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ്. ദില്ലിയില്‍ ഒളിവില്‍ നിന്ന് നിയമസഹായം തേടുകയാണെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് ചോദ്യം ചെയലിന് ഹാജാരാകാനാണ് ഒടുവിലെ നോട്ടീസ്. അനില്‍ ദേശ്മുഖിന്റെ മകന്‍ ഹൃശികേശിനോട് ബുധനാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.