കൊവിഡ് കാലത്ത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പിപിഇ കിറ്റും ഗ്ലൗസും ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ വലിയ ക്രമക്കേട് സിഎജി കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊവിഡില്‍ ജനം ദുരിതം അനുഭവിക്കുന്ന സമയത്ത് സര്‍ക്കാര്‍ നടത്തിയ മുനുഷ്യത്വമില്ലാത്ത അഴിമതിക്കെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പരിചയമില്ലാത്ത അഗ്രത ഏവിയോണ്‍ എന്ന കമ്പനിക്ക് ഒരു കോടി ഗ്ലൗസിന്റെ ഓര്‍ഡര്‍ നല്‍കിയതും ക്രമക്കേടാണ്. 41 ലക്ഷം ഗ്ലൗസ് മാത്രമാണ് കമ്പനി എത്തിച്ച് നല്‍കിയത് എന്നിരിക്കെ ബാക്കി പണം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ബന്ധപ്പെട്ടവര്‍ക്കുമെതിരെ ഉടന്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാവണം. കൊവിഡ് സമയത്ത് എല്ലാ ദിവസവും വൈകീട്ട് ആറുമണിക്ക് ടിവിയില്‍ വന്ന് ആടിനെയും പൂച്ചയേയും വരെ പറ്റി കരുതല്‍ കാണിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഇത്രയും വലിയ അഴിമതി നടക്കുമെന്ന് ആരും വിശ്വസിക്കില്ല. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണം. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്യാന്‍ കമ്പനികള്‍ തയ്യാറായിരുന്നപ്പോഴും മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. ലോകം മഹാമാരിയില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ പോലും ഇത്തരം അഴിമതി നടത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.