സംസ്ഥാന ഭക്ഷ്യവകുപ്പില്‍ നടക്കുന്നത്, ആരെയും ഞെട്ടിക്കുന്ന അഴിമതികള്‍

ക്ഷ്യ വിഭവങ്ങളില്‍ അഴിമതി നടത്തുന്നവന്‍ ആരായാലും ഏത് കൊമ്പത്തെ ഉന്നതനായാലും വെറുതെ വിടാന്‍ പാടില്ല. ഇത്തരക്കാരെ കല്‍ തുറങ്കിലടക്കുകയാണ് ചെയ്യേണ്ടത്. ഭക്ഷ്യമന്ത്രി തിലോത്തമന്റെ ഓഫീസിലെ അനധികൃത ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്താന്‍ പിണറായി സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണം. നിരവധി ആക്ഷേപങ്ങളാണ് ഈ വകുപ്പിനെ ചുറ്റിപറ്റി ഇതിനകം തന്നെ വന്നിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ ശര്‍ക്കരയില്‍ പോലും കയ്യിട്ടു വാരുന്ന സ്ഥിതിയുമുണ്ടായി. കരാറുകാരെ മാത്രം ഇക്കാര്യത്തില്‍ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കമ്മീഷന്‍ സപ്ലൈകോ മുതല്‍ മന്ത്രി ഓഫീസ് വരെ എത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുക തന്നെ വേണം. ഇപ്പോള്‍ വിതരണം ചെയ്യുന്ന ശര്‍ക്കരയ്ക്ക് ഗുണമേന്മയില്ലന്നും തൂക്ക കുറവുണ്ടെന്നും സി.ഐ.ടി യു യൂണിയനും അരോപണമുന്നയിച്ചിട്ടുണ്ട്. ചെറുപയര്‍, പഞ്ചസാര, പരിപ്പ് എന്നിവ, സപ്ലൈകോയിലെ ജീവനക്കാര്‍ കൃത്യമായാണ് പാക്ക് ചെയ്യുന്നത്. എന്നാല്‍ ശര്‍ക്കര ടെന്‍ണ്ടര്‍ എടുത്ത കമ്പനി തന്നെയാണ് പാക്ക് ചെയ്യുന്നത്. സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കേണ്ട ക്വാളിറ്റി കണ്‍ട്രോളര്‍മാരുടെ ഭാഗത്തും വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

വകുപ്പ് മന്ത്രിയുടെ വിശദീകരണമൊന്നും സപ്ലൈകോയുടെ കാര്യത്തില്‍ എന്തായാലും വിശ്വാസയോഗ്യമല്ല. മന്ത്രി തിലോത്തമനില്‍ സപ്ലൈകോ ജീവനക്കാര്‍ക്ക് തന്നെ വിശ്വാസം നഷ്ടപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സര്‍ക്കാര്‍ വന്ന ശേഷം സപ്ലൈകോയില്‍ മാത്രം മാറിയത് 7 എം.ഡിമാരാണ്. എന്തിനായിരുന്നു ഈ സ്ഥലമാറ്റങ്ങള്‍ എന്ന് പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരിക.

അഴിമതിയുടെ കൂടാരമാണിപ്പോള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍. ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിയുടെ ഓഫീസ് വരെ നടത്തുന്ന ഇടപെടലുകള്‍ സംശയകരമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരനായ മന്ത്രി കാണിക്കുന്ന ജാഗ്രത മന്ത്രി തിലോത്തമന്‍ ഇതുവരെ കാണിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ വീണ്ടുമൊരു വമ്പന്‍ അഴിമതിക്കാണ് സപ്ലൈകോയില്‍ കളമൊരുങ്ങിയിരിക്കുന്നത്. നെല്ല് സംഭരണത്തില്‍ അഴിമതി ലക്ഷ്യമിട്ട് ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ഇപ്പോള്‍ അണിയറ നീക്കം നടക്കുന്നത്. വിവാദ അരിമില്‍ വ്യവസായിയാണ് ഈ നീക്കത്തിനും ചുക്കാന്‍ പിടിക്കുന്നത്.

2018ലെ പ്രളയത്തില്‍ നശിച്ചു പോയ നെല്ലിന്റെയും അരിയുടെ 50 ശതമാനവും ഇദ്ദേഹത്തിന്റെ മില്ലില്‍ നിന്നുള്ളതാണ്. ഈ നശിച്ചു പോയ നെല്ലും അരിയും നീക്കം ചെയ്തതില്‍ കോടികളുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരുന്നത്. ഇതു സംബന്ധമായ വിജിലന്‍സ് അന്വേഷണം മുറുകുന്ന സാഹചര്യത്തില്‍ കൂടിയാണ് വേണ്ടപ്പെട്ടവനെ മില്ലുടമ സപ്ലൈകോയിലേക്ക് കൊണ്ടുവരുന്നത്. ഇത് വിജിലന്‍സ് അന്വേഷണത്തെ അട്ടിമറിക്കാനാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേക്ക് കൃഷി വകുപ്പില്‍ നിന്നും ഉദ്യോസ്ഥര്‍ സാധാരണ ഡെപ്യൂട്ടേഷനില്‍ പോകാറുണ്ട്. ഇപ്പോള്‍ നെല്ലുസംഭരണ ചുമതലയിലേക്ക് വരാന്‍ വീണ്ടും ശ്രമിക്കുന്ന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥന്‍ 2013 മുതല്‍ 2016 വരെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നെല്ല് സംഭരണത്തിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് കാലടി, പെരുമ്പാവൂര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഏഴ് മില്ലുകളുടെ ഉടമയെ ഇയാള്‍ വഴിവിട്ട് സഹായിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ ഇതു സംബന്ധമായ പരാതികളും ഉയര്‍ന്നിരുന്നു. പിന്നീട് ഡെപ്യൂട്ടേഷന്‍ നീട്ടി കൊടുക്കാതെ മന്ത്രി ഇടപെട്ട് തിരിച്ചയക്കുകയാണുണ്ടായത്.

ഈ ഉദ്യോഗസ്ഥന്‍ നിലവില്‍ കൃഷി വകുപ്പില്‍ അസി. ഡയറക്ടര്‍ തസ്തികയിലാണ് ജോലി ചെയ്യുന്നത്. സാധാരണ ഗതിയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേക്ക് വരേണ്ടത് കൃഷി ഓഫീസര്‍മാരാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ ആരും തന്നെ വരാറില്ല. എന്നാല്‍ താരതമ്യേന താഴ്ന്ന ഈ പോസ്റ്റിലേക്കാണ് ഇപ്പോള്‍ ഉയര്‍ന്ന പോസ്റ്റിലിരിക്കുന്ന പഴയ കൃഷി ഓഫീസര്‍ വീണ്ടും വരാന്‍ ശ്രമിക്കുന്നത്. ഇതിനു വേണ്ടിയാണ് ഉന്നതതലത്തില്‍ ഇടപെടലും നടക്കുന്നത്. ഇതിന് ‘കുട’ പിടിക്കുന്നത് വകുപ്പ് മന്ത്രി തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം. ഈ ഇടപെടല്‍ വിവാദ അരിമില്ലുടമയുടെ പ്രേരണയിലാണെന്നാണ് സപ്ലൈകോയിലെ ഉദ്യോഗസ്ഥരും ഇപ്പോള്‍ സംശയിക്കുന്നത്.

Top