പ്രതിപക്ഷത്തിന്റെ ഗ്യാരന്റിയെന്നാല്‍ അഴിമതി; പ്രതിപക്ഷയോഗത്തിനെ പരിഹസിച്ച് പ്രധാനമന്ത്രി

 

ഭോപ്പാല്‍: പ്ടനയില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷയോഗത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭോപ്പാലില്‍ ബിജെപി ബൂത്ത് പ്രവര്‍ത്തകരുമായി സംസാരിക്കവേയാണു പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. ”ഈ അടുത്തകാലത്ത് ‘ഗ്യാരന്റി’ എന്ന വാക്ക് പ്രചാരത്തിലായിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഗ്യാരന്റി എന്നാല്‍ അഴിമതിയാണെന്ന് ജനങ്ങളോട് പറയേണ്ടത് ബിജെപി പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. ലക്ഷംകോടി രൂപയുടെ അഴിമതിക്കുള്ള ഉറപ്പാണത്”- പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു.

”ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിപക്ഷം ഫോട്ടോയ്ക്കുവേണ്ടിയൊരു പരിപാടി നടത്തി. 20 ലക്ഷം കോടി രൂപയ്ക്കുള്ള അഴിമതിയുടെ ഉറപ്പാണതെന്ന് യോഗത്തിന്റെ ഫോട്ടോ കാണുമ്പോള്‍ മനസിലാകും. ലക്ഷംകോടി രൂപയുടെ അഴിമതിയാണ് കോണ്‍ഗ്രസ് മാത്രം നടത്തിയത്. പ്രതിപക്ഷം അഴിമതിയുടെ ഉറപ്പുനല്‍കുകയാണെങ്കില്‍, എനിക്കും നിങ്ങള്‍ക്ക് ഒരു ഉറപ്പ് തരാനുണ്ട്. അഴിമതിക്കാരായ ഒരാളെ പോലും വെറുതെ വിടില്ല. പട്‌നയില്‍ നടന്ന യോഗത്തില്‍ എല്ലാ അഴിമതിക്കാരും കൈകോര്‍ത്തു. പരസ്പരം രക്ഷപ്പെടുത്താനാണ് അഴിമതിക്കാരായ നേതാക്കള്‍ ശ്രമിക്കുന്നത്”- പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

 

Top