ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതാക്കിയത് മുൻ യു.പി.എ സർക്കാരിന്റെ അഴിമതികൾ ; മോദി

Modi

മസ്‌കറ്റ്: കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ യു.പി.എ സർക്കാരിന്റെ അഴിമതികൾ ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതാക്കിയെന്ന രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

യു.പി.എ സർക്കാരിന്റെ അഴിമതി ആരോപണങ്ങൾ ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും, കോൺഗ്രസിന്റെ അഴിമതി ഭരണരീതി മാറ്റാൻ തന്റെ സർക്കാരിന് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ ഒമാനിലെത്തിയ മോദി മസ്‌കറ്റിലെ സുൽത്താൻ ഖബൂസ് സ്റ്റേഡിയത്തിൽ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇന്ത്യയിലെ മുൻ സർക്കാർ അഴിമതിയിലാണ് ഭരണം നടത്തിയത്. ഇപ്പോഴത്തെ ബി.ജെ.പി സർക്കാരിനു നേരെ ഒരു അഴിമതി ആരോപണം പോലും ഉയർത്താൻ പ്രതിപക്ഷത്തിന് കഴി‌ഞ്ഞിട്ടില്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അഴിമതി നടത്തി ഒരു രാജ്യത്തിനും മുന്നേറാൻ കഴിയില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ സർക്കാർ സ്വീകരിച്ച ഒരു നടപടിയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ജനങ്ങൾക്ക് വിശ്വാസയോഗ്യമായ ഭരണമാണ് ഇന്ത്യയിൽ നടക്കുന്നത് – മോദി പറഞ്ഞു.

ഈ നൂറ്റാണ്ടിന്റെ രണ്ട് ദശാബ്ദം പിന്നിടുകയാണ്. രാജ്യത്ത് ഇതുവരെ ഒരു വ്യോമനയം ഉണ്ടായിരുന്നില്ല. എന്നാൽ ബി.ജെ.പി സർക്കാർ രാജ്യത്തിനായി പുതിയൊരു വ്യോമനയം രൂപീകരിച്ചു. 2022നും 2024നും ഇടയിൽ ഇന്ത്യ സന്ദർശിക്കുന്നവർക്ക് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യാനാകുമെന്നും, പദ്ധതി ഇന്ത്യയുടെ വികസനമാണ് ചുണ്ടികാട്ടുന്നതെന്നും പ്രധാനമന്ത്രി കുട്ടിച്ചേർത്തു.

Top