ബ്രിട്ടനിലെ ജീവിതച്ചെലവ്; ശമ്പളം വര്‍ധിപ്പിക്കണമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വൈദികര്‍

ബ്രിട്ടനിലെ ജീവിതച്ചെലവ് പ്രതിസന്ധി വൈദികരെ പോലും ബാധിച്ചിരിക്കുകയാണ്. 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വൈദികര്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ 2,000-ലധികം വൈദികരെയും സാധാരണ ഉദ്യോഗസ്ഥരെയും പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയന്‍ യൂണിറ്റ് ആണ് തിങ്കളാഴ്ച ഈ ആവശ്യം പറഞ്ഞത്. 2024 ഏപ്രില്‍ മുതല്‍ വൈദികര്‍ക്ക് ലഭിക്കുന്ന സ്‌റ്റൈപ്പന്‍ഡില്‍ 9.5% വര്‍ദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്.

”ചര്‍ച്ച് കമ്മീഷണര്‍മാരുടെ 2022-ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് ബാങ്കില്‍ ശതകോടിക്കണക്കിന് പണമുണ്ട്. പുരോഹിതന്മാര്‍ക്ക് സ്‌റ്റൈപ്പന്‍ഡിലെ മിതമായ വര്‍ദ്ധനവ് നല്കാന്‍ സാധിക്കും” യുണൈറ്റ് ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം പറഞ്ഞു.

പുരോഹിതന്മാര്‍ ജീവിതച്ചെലവ് പ്രതിസന്ധിയിലാണെന്ന് അറിയാമായിരുന്നു. വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിസിറ്റി ബില്ലുമായി മല്ലിടുന്ന വൈദികരെ സഹായിക്കുന്നതിനായി രൂപതകള്‍ക്ക് ഗ്രാന്റുകള്‍ നല്‍കുന്നതിനായി സഭ കഴിഞ്ഞ വര്‍ഷം 3 ദശലക്ഷം പൗണ്ട് നീക്കിവച്ചിരുന്നു.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ബ്രിട്ടീഷ് തൊഴിലാളികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പണിമുടക്ക് നടത്തുന്നുണ്ട്. വൈദികരുടെ മിനിമം സ്‌റ്റൈപ്പന്‍ഡ് 29,340 പൗണ്ടായി (37,600 ഡോളര്‍) ഉയര്‍ത്താനും ദേശീയ സ്‌റ്റൈപ്പന്‍ഡ് മാനദണ്ഡം 31,335 പൗണ്ടായി ഉയര്‍ത്താനും യുണൈറ്റ് നിര്‍ദ്ദേശിച്ചു.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതിഫല കമ്മിറ്റി സ്‌റ്റൈപ്പന്‍ഡിനെക്കുറിച്ച് ശുപാര്‍ശ ചെയ്യാന്‍ അടുത്ത ആഴ്ച യോഗം ചേരും. അന്തിമ ശുപാര്‍ശയ്ക്കായി സെപ്റ്റംബറില്‍ ആര്‍ച്ച് ബിഷപ്പ് കൗണ്‍സിലിലേക്ക് പോകും.

Top