കോഴിക്കോട് : സിപിഎം വിമതന്‍ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എ.എന്‍ ഷംസീര്‍ എംഎല്‍എ സഭയില്‍ മറുപടി പറയാത്തതില്‍ ദുരൂഹതയുണ്ടെന്ന് വടകരയിലെ നിയുക്ത എംപി കെ മുരളീധരന്‍. കേസില്‍ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈ കെട്ടിയിരിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.
ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തലശ്ശേരിയില്‍ നടത്തുന്ന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍. ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യുക, കേസിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം ആരംഭിച്ചിരിക്കുന്നത്.
വധശ്രമത്തിന് പിന്നില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ ആണെന്ന് ആക്രമണത്തിന് പിന്നാലെ സിഒടി നസീര്‍ ആരോപിച്ചിരുന്നു. പൊലിസ് മൊഴിയെടുത്തപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായെങ്കിലും പൊലിസ് ഷംസീറിനെ ഇതുവരെയായും ചോദ്യംചെയ്യാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ നസീറിനെ ആക്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.