സിഒടി നസീര്‍ വധശ്രമ കേസ് ; രണ്ട് പ്രതികള്‍ കൂടി തലശ്ശേരി കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ രണ്ടുപ്രതികള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ കീഴടങ്ങിയത്. ഇവര്‍ക്കാണ് നസീറിനെ ആക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷ് ക്വട്ടേഷന്‍ നല്‍കിയത്.

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. നേരത്തെ, കേസുമായി ബന്ധപ്പെട്ട് എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ സഹായിയും സിപിഎം കണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറിയുമായ രാജേഷ് ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായിരുന്നു

മേയ് 18ന് രാത്രി 7.30ന് തലശേരി കായ്യത്ത് റോഡ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുവച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്. എന്നാല്‍ എ.എന്‍. ഷംസീറിനു പങ്കുണ്ടെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു.

തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍, 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. പി ജയരാജന്‍ മത്സരിച്ച വടകര മണ്ഡലത്തില്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നസീര്‍ മത്സരിക്കുകയും ചെയ്തിരുന്നു.

Top