സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രാജേഷിന് പിന്നിലാരെങ്കിലുമുണ്ടോയെന്നുള്ള അന്വേഷണം ഉടനില്ല

തലശ്ശേരി: സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറി എന്‍.കെ. രാജേഷിന് പിന്നിലാരെങ്കിലുമുണ്ടോയെന്നുള്ള അന്വേഷണം ഉടനില്ല. ഗൂഢാലോചനയില്‍ സഹായികളായ മറ്റു പ്രതികളിലേക്കാണ് ഇനിയുള്ള അന്വേഷണം വ്യാപിപ്പിക്കുന്നത്. സൂത്രധാരനായി കരുതിയ പൊട്ടി സന്തോഷിനു പിറകില്‍ രാജേഷായിരുന്നുവെന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍.

രാജേഷിനെ ഒപ്പമിരുത്തി ചോദ്യംചെയ്തപ്പോഴാണ് സന്തോഷ് കുറ്റസമ്മതമൊഴി നടത്തിയത്. നസീറിനെ കൈകാര്യം ചെയ്യാന്‍ രാജേഷ് പറഞ്ഞതനുസരിച്ച് ആളുകളെ ഏല്‍പ്പിച്ചത് താനാണെന്ന് സന്തോഷ് പറഞ്ഞു.രാജേഷ് വാഹനത്തിലിരുന്ന് സന്തോഷുമായി സംസാരിച്ചതിന്റെയും കേസന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിച്ചതിന്റെയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന്റെയും തെളിവുകളും പോലീസിന്റെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജേഷിന്റെ അറസ്റ്റ്.

ശനിയാഴ്ച തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ ജൂലായ് അഞ്ചുവരെ റിമാന്‍ഡുചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ഗൂഢാലോചന നടത്തിയെന്നാണ് രാജേഷിനെതിരേയുള്ള കുറ്റം. കേസിലെ ഏഴുമുതല്‍ 11 വരെ പ്രതികളെ അറസ്റ്റുചെയ്യാനുണ്ട്.

അതേസമയം തനിക്ക് രാജേഷുമായോ മറ്റൊരു പ്രതിയായ പൊട്ടി സന്തോഷുമായോ യാതൊരു വ്യക്തിപരമായ പ്രശ്നങ്ങളുമില്ലെന്നാണ് നസീര്‍ പറയുന്നത്. അതുകൊണ്ടുതന്നെ അക്രമത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ.യാണെന്നാണ് നസീറിന്റെ ആരോപണം. ഷംസീറും രാജേഷും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രയാണെന്ന് നാട്ടിലെല്ലാവര്‍ക്കും അറിയാമെന്ന് നസീര്‍ പറഞ്ഞു. പുല്ല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായ രാജേഷ് ഷംസീറിന്റെ സന്തതസഹചാരിയും ഡ്രൈവറുമായിരുന്നു. ഷംസീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്നു. രാജേഷ് അറസ്റ്റിലായതിനാല്‍ അന്വേഷണം ഷംസീറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും നസീര്‍ പറഞ്ഞു.

Top