ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ വിശ്വാസികളോട് അസുഖം മൂലം ഒരാഴ്ച നീളുന്ന ആത്മീയ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് പോപ്പ് ഫ്രാന്‍സിസ്. റോമന്‍ ഗ്രാമത്തില്‍ നടത്തുന്ന പരിപാടിയില്‍ നിന്ന് ജലദോഷം മൂലമാണ് പിന്‍വാങ്ങുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.
ഏഴ് വര്‍ഷത്തെ പോപ്പ് സേവനത്തില്‍ ആദ്യമായാണ് ഫ്രാന്‍സിസ് ആത്മീയ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. വത്തിക്കാന്റെ സുപ്രധാന ചടങ്ങുകളില്‍ നിന്നാണ് 83കാരനായ പോപ്പിന് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. ചെറുപ്പത്തില്‍ തന്നെ ശ്വാസകോശത്തിന്റെ ഒരു ഭാഗം രോഗം ബാധിച്ച് നീക്കം ചെയ്തിട്ടുണ്ട്. പോപ്പിന്റെ ഈ ആഴ്ചത്തെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
ബുധനാഴ്ച കരിക്കുറിപെരുന്നാളില്‍ പങ്കെടുത്തതിന് ശേഷം ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ജനലില്‍ എത്തിയാണ് ആദ്യമായി പോപ്പ് വിശ്വാസികളെ കണ്ടത്. ഞായറാഴ്ചയും രണ്ട് തവണ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെ ചുമ അദ്ദേഹത്തിന്റെ പ്രസംഗം തടഞ്ഞു. ജലദോഷം മൂലം ആത്മീയ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
ഇറ്റലിയില്‍ കൊറോണാവൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പോപ്പിന്റെ ലക്ഷണങ്ങള്‍ ആശങ്കയായി മാറുകയാണ്. എന്നാല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാതെ ചെറിയ അസുഖം എന്ന് മാത്രമാണെന്നാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച് നല്‍കുന്ന വിവരം. തന്റെ സേവനകാലയളവില്‍ ഇന്നുവരെ ഇത്രയേറെ പരിപാടികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റദ്ദാക്കിയിട്ടില്ലെന്നതാണ് ആശങ്കയക്ക് ശക്തിയേകുന്നത്.