അവരുടേത് കൂടിയാണ് ഈ ഭൂമിയെന്ന്, അന്യഗ്രഹ ജീവികൾ മനുഷ്യർക്കൊപ്പം ! !

ദൃശ്യരായ അന്യഗ്രഹജീവികള്‍ നമുക്കൊപ്പം ഭൂമിയില്‍ കഴിയുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകത്തിലെ പ്രമുഖ ശാസ്ത്രജ്ഞര്‍ രംഗത്ത്. മനുഷ്യരുടെ കണ്ണ്, നാക്ക്, ചെവി, സ്പര്‍ശം, ഗന്ധം എന്നിവകൊണ്ടൊന്നും കണ്ടെത്താന്‍ കഴിയാത്തവരാണ് അന്യഗ്രഹജീവികളെന്നാണ് ഇവരുടെ വിലയിരുത്തല്‍.

റഷ്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്യഗ്രഹജീവികളെക്കുറിച്ചുള്ള വ്യത്യസ്തവും ശ്രദ്ധേയവുമായ നിരീക്ഷണങ്ങളാണ് ഓരോ വര്‍ഷവും ശാസ്ത്രലോകത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അന്യഗ്രഹ ജീവികള്‍ നമുക്കൊപ്പം അദൃശ്യരായി ഭൂമിയില്‍ കഴിയുന്നുണ്ടെന്നാണ് ബ്രിട്ടീഷ് ബഹിരാകാശ ഗവേഷകയായ ഹെലന്‍ ഷാര്‍മന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നത്. അന്യഗ്രഹജീവികളെ കാര്‍ബണ്‍കൊണ്ടോ നൈട്രജന്‍ കൊണ്ടോ ആയിരിക്കാം സൃഷ്ടിച്ചിരിക്കുന്നത്. എന്തുതന്നെയായാലും അവര്‍ ഇവിടെ നമ്മോടൊപ്പമുണ്ട്, പക്ഷേ നമുക്ക് അവരെ കാണാന്‍ കഴിയുകയില്ലെന്നുമാണ് ഹെലന്‍ പറയുന്നത്.

സര്‍വകലാശാല ശാസ്ത്രജ്ഞരും ഗവേഷകരും മാത്രമല്ല അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഈ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഓക്‌സ്‌ഫോഡ് വിദ്യാര്‍ത്ഥികളുടെ പത്രത്തില്‍ ഡോ. യുങ് പായ് ചിയുടെ അഭിമുഖത്തില്‍ വ്യത്യസ്തമായ വീക്ഷണമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അദൃശ്യരായ അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വസിക്കുന്നു എന്നു മാത്രമല്ല അവര്‍ മനുഷ്യരുമായി ചേര്‍ന്ന് കാലാവസ്ഥാവ്യതിയാനം പോലും അതിജീവിക്കാന്‍ ശേഷിയുള്ള ഹൈബ്രിഡ് ജീവികളെ ഉല്‍പാദിപ്പിക്കുമെന്നുകൂടി യുങ് പായ് വ്യക്തമാക്കിയിട്ടുണ്ട്.

തികച്ചും, കഥയും തമാശയുമായി തോന്നാമെങ്കിലും ഡോ ചി വളരെ ഗൗരവത്തോടെ തന്നെ അന്യഗ്രഹജീവികളുടെ സന്ദര്‍ശനവും മനുഷ്യത്വത്തിന്റെ അന്ത്യവും വിശദമാക്കുന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ഡോ. ചി അക്കാദമികമായാണ് അന്യഗ്രഹ ജീവികളെക്കുറിച്ച് വശദീകരിക്കുന്നതെങ്കില്‍ ഒരു പറ്റം ശാസ്ത്രജ്ഞന്‍മാര്‍ ഏറെ സമയവും ശ്രദ്ധയും പണവും ഉപയോഗിച്ചുള്ള ഗവേഷണങ്ങളിലൂടെയാണ് അദൃശ്യരായ അന്യഗ്രഹജീവികള്‍ നമുക്കൊപ്പം ഭൂമിയില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തിയിരിക്കുന്നത്.

കാഡിസ് സര്‍വകലാശാലയിലെ ഡോ. ഗബ്രിയേല്‍ ഡി ലാ ടോറെ 2018ല്‍ എഴുതിയ പ്രബന്ധത്തില്‍ അന്യഗ്രഹജീവികള്‍ പ്രപഞ്ചത്തിലെ ഇരുണ്ട ദ്രവ്യത്തിലായിരിക്കാമെന്നാണ് വിശദീകരിച്ചിരിക്കുന്നത്. പ്രപഞ്ചത്തില്‍ ഭൂമി ഉള്‍പ്പെടെയുള്ളിടത്ത് അവരുടെ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

കൊളംബിയ സര്‍വകലാശാലയിലെ ആസ്‌ട്രോ ബയോളജി സെന്ററിലെ ഗവേഷകന്‍ ഡോ. കലേബ് സ്‌കാര്‍ഫ് തിരിച്ചറിയാന്‍ കഴിയാത്ത അന്യഗ്രഹജീവികള്‍ ഭൂമിയില്‍ കഴിയുന്നതായി ഉറച്ചുവിശ്വസിക്കുന്നയാളാണ്.

അന്യഗ്രഹജീവികള്‍ നമുക്കൊപ്പമുണ്ടാകാമെന്ന നാസ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഡോ. സില്‍വാനോ പി കോളമ്പാനോയുടെ പ്രബന്ധവും ഇപ്പോളേറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. നമ്മള്‍ പ്രതീക്ഷിക്കാത്ത രൂപത്തിലായിരിക്കും ഇവയെന്നും ഇവര്‍ക്ക് വലിപ്പം കുറവും ബുദ്ധി കൂടതലുമായിരിക്കുമെന്നാണ് ഈ ശാസ്ത്രഞ്ജന്‍ പറയുന്നത്. നമ്മളുടെ മനസിലെ രൂപം ഇവര്‍ക്കില്ലാത്തതിനാല്‍ ഇവരെ തിരിച്ചറിയാനും കഴിയില്ലെന്നാണ് ഡോ. കോളമ്പാനോ ചൂണ്ടിക്കാട്ടുന്നത്.

പ്രപഞ്ചത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ഇടയിലൂടെയുള്ള സഞ്ചാരം ഇപ്പോഴും മനുഷ്യന് അസാധ്യമായ സമസ്യയാണ്. എന്നാല്‍ അതിനുള്ള ശേഷി നേടിയവരായിരിക്കും അന്യഗ്രഹജീവികള്‍. ഭൂമിയില്‍ ശാസ്ത്ര പുരോഗതിക്ക് കേവലം 500 വര്‍ഷത്തെ പിന്‍ബലമേയുള്ള. അതിനേക്കാള്‍ മുമ്പ് ശാസ്ത്രപുരോഗതി നേടിയവരാണ് അന്യഗ്രഹജീവികളെന്നാണ് കോളമ്പാനോ വിശദീകരിക്കുന്നത്.

പ്രഫസര്‍ കൂടിയായ കോളമ്പാനോയുടെ പ്രബന്ധം രാജ്യാന്തര തലത്തില്‍ ഇപ്പോളേറെ ചര്‍ച്ചയായിട്ടുണ്ട്. കോളമ്പാനോയുടെ ലേഖനത്തിന്റെ ലിങ്ക് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017ല്‍ സൗരയൂഥത്തിലെത്തിയ ഔമാമുവ എന്ന പാറക്കഷണം അന്യഗ്രഹജീവികളുടെ പേടകമാണെന്നു ഹാര്‍വഡ് സര്‍വകലാശാല ഗവേഷകന്‍ ഏബ്രഹാം ലീബ് പറഞ്ഞതും മുമ്പ് ഏറെ ചര്‍ച്ചക്ക് ഇടനല്‍കിയിരുന്നു.

അന്യഗ്രഹജീവികളെക്കുറിച്ചുള്ള കഥകളും പഠനങ്ങളും മനുഷ്യന് കൂടുതല്‍ വിസ്മയങ്ങളാണിപ്പോള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

അന്യഗ്രഹ ജീവികളുമായി ആശയവിനിമയം നടത്തരുതെന്ന് പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ് 2010ലാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

നമ്മുടെ പ്രപഞ്ചത്തില്‍ കോടിക്കണക്കിന് വരുന്ന ഗാലക്‌സികളുള്ളതായാണ് കണക്ക്. ഈ ഓരോ ഗാലക്‌സിയിലും കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളുമുണ്ട്. ഇവയില്‍ ഏതിലെങ്കിലും ഭൂമിയിലേത് പോലെ ജീവികളും ജീവിതവും ഉണ്ടാകാമെന്നാണ് ഹോക്കിംഗ്‌സ് അന്ന് പറഞ്ഞിരുന്നത്.

ഭൂമിയില്‍ ഇനി നൂറ് വര്‍ഷങ്ങള്‍ മാത്രമേ മനുഷ്യവാസം സാദ്ധ്യമാകൂ എന്നും അതിന് മുമ്പ് ഭൂമിക്ക് വെളിയില്‍ മറ്റൊരു വാസയോഗ്യമായ ഗ്രഹം കണ്ടെത്തണമെന്നും ഹോക്കിംഗ്‌സ് മരിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും അടക്കമുള്ളവയില്‍ ശാസ്ത്രഗവേഷണം ഇപ്പോഴും ആരംഭഘട്ടത്തില്‍ തന്നെയാണുള്ളത്.

മൈക്രോ ബാക്ടീരയകളെ പോലുള്ള ജീവികള്‍ മുതല്‍ മനുഷ്യരേക്കാള്‍ മെച്ചപ്പെട്ട സാമൂഹിക ചുറ്റുപാടില്‍ ജീവിക്കുന്ന അന്യഗ്രഹ ജീവികള്‍വരെ ഉണ്ടെന്ന അഭിപ്രായത്തിനാണ് നിലവില്‍ ശാസ്ത്രലോകത്ത് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ തന്നെ അന്യഗ്രഹ ജീവികളെ കണ്ടെത്താനുള്ള പഠനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്താനായി നിരവധി റേഡിയോകളും ടെലസ്‌ക്കോപ്പുകളും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നുമുണ്ട്. അന്യഗ്രഹ ജീവികള്‍ പ്രമേയമായ നിരവധി സിനിമകള്‍ ഹോളീവുഡിലും ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള താത്പര്യങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്.

അന്യഗ്രഹ ജീവികളെ കണ്ടെത്താനായി അവര്‍ക്ക് സന്ദേശമയക്കണമെന്നും അവരെ ഭൂമിയിലേക്ക് ക്ഷണിക്കണമെന്നും വാദിക്കുന്ന ഗവേഷകരും ഏറെയാണ്. ഇത്തരക്കാരെയാണ് പുതിയ നിരീക്ഷണങ്ങള്‍ ഞെട്ടിച്ചിരിക്കുന്നത്. ഭൂമിയില്‍ മനുഷ്യര്‍ക്കൊപ്പം അന്യഗ്രജീവികളുണ്ടെന്ന നിഗമനം കൂടുതല്‍ അന്വേഷണത്തിലേക്കാണിപ്പോള്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്.

Staff Reporter

Top