തിരുവനന്തപുരം: മാനസികസംഘര്‍ഷം കുറയ്ക്കാന്‍ പൊലീസുകാര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനായി എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ ആരംഭിക്കും. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ മാതൃകയില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എത്രയും വേഗം കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
1800 ഓളം ആളുകള്‍ തിരുവനന്തപുരത്തുള്ള കേന്ദ്രത്തിന്റെ സേവനം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും പോലീസ് വകുപ്പിലെ മറ്റു ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്. ജോലിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിനാണ് ഹാറ്റ്‌സ് എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്എപി ക്യാമ്പില്‍ ദിവസവും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഈ സൗകര്യം ഉള്ളത്. ഈ സമയത്തിന് ശേഷവും അവധിദിവസങ്ങളിലും ആവശ്യമുള്ള പക്ഷം കൗണ്‍സിലറുടെ സേവനം ലഭ്യമായിരിക്കും. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം എത്ര ദിവസത്തെ കൗണ്‍സലിംഗ് ആവശ്യമാണെന്ന് തീരുമാനിക്കുകയും അക്കാര്യം പരാതിക്കാരന്റെ ഓഫീസിനെ അറിയിച്ച് അനുമതി വാങ്ങുകയും ചെയ്യും.
ജോലിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കൂടാതെ പുകവലി, മദ്യപാനം, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗും ഇവിടെ നടത്തുന്നുണ്ട്.