ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ ഇൻറർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിൻറെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയരും. ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുക്കുന്നത്.
ഭൂസ്ഥിര ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങൾ സ്ഥാപിച്ചു ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഇൻറർനെറ്റ് സേവനം ലഭ്യമാകുന്ന വമ്പൻ പദ്ധതിയിലാണ് ഇസ്രോ കൂടി ഭാഗമാകുന്നത്. 36 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തുന്നതോടെ പദ്ധതിയുടെ 70 ശതമാനം പൂർത്തിയാകുമെന്നു വൺവെബ് അറിയിച്ചു.
36 ഉപഗ്രഹങ്ങൾ റോക്കറ്റിൽ ഘടിപ്പിച്ച് വിക്ഷേപണത്തറയിൽ എത്തിച്ചുകഴിഞ്ഞു. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. കൗണ്ട് ഡൗൺ ഇന്നലെ രാത്രി 12.07 ന് തുടങ്ങി. അവസാനവട്ട തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു. 648 ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാനാണ് വൺ വെബ് ലക്ഷ്യമിടുന്നത്. ഇതിൽ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു.