കൊച്ചി: സംസ്ഥാനത്തെ വിവിധ കോടതികളില്‍ കേസുകളുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിട്ടുള്ള അസാധുനോട്ടുകളുടെ കണക്കെടുപ്പ് ഹൈക്കോടതി തുടങ്ങി. മാറിയെടുക്കേണ്ട കാലാവധി കഴിഞ്ഞതിനാല്‍ ഈ നോട്ടുകള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു.
കേസുകളുടെ ഭാഗമായി തെളിവും തൊണ്ടിയുമായി ശേഖരിച്ച അഞ്ഞൂറ് ആയിരം രൂപാ നോട്ടുകള്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ കീഴ്‌കോടതികളിലായി കെട്ടിക്കിടക്കുന്നുണ്ട്. ഇത്തരത്തില്‍ എത്രരൂപ കോടതികളിലുണ്ടെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ജില്ല ജഡ്ജിമാര്‍ മുഖേനയാണ് നോട്ടുകളുടെ കണക്കെടുക്കുന്നത്. വിചാരണ നടക്കുന്ന കേസുകളുടെ ഭാഗമായ നോട്ടുകള്‍ ഡസംബര്‍ 31നകം കക്ഷികള്‍ക്ക് മടക്കി നല്‍കാനോ ഖജനാവില്‍ മുതല്‍ക്കൂട്ടാനോ കഴിഞ്ഞിട്ടില്ല.
ഹൈക്കോടതികളില്‍ അപ്പീല്‍ നിലനില്‍ക്കുന്ന കേസുകളിലും സമാനമായ സാഹചര്യമുണ്ട്. ഇക്കാര്യത്തില്‍ ഒരോ കോടതിയിലും പ്രോസിക്യൂഷന്റെ ഭാഗം കൂടി കേട്ട് തീരുമാനമെടുക്കാനുള്ള പ്രാഥമിക നിര്‍ദേശം ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
500, 1000 നോട്ടുകള്‍ കേസിന്റെ തീര്‍പ്പിനു സൂക്ഷിക്കണമെങ്കില്‍ നോട്ടിന്റെ നമ്പര്‍, എണ്ണം, കേസിന്റെ നമ്പര്‍, ആകെ തുക തുടങ്ങിയ വിവരങ്ങള്‍ അതതു ജഡ്ജിമാര്‍ ജില്ലാ ജഡ്ജിമാര്‍ക്കു കൈമാറണമെന്നും വിവരങ്ങള്‍ ക്രോഡീകരിച്ചു ജില്ലാ ജഡ്ജിമാര്‍ ഹൈക്കോടതിക്കു നല്‍കണമെന്നുമാണ് ഇപ്പോഴത്തെ തീരുമാനം.
സര്‍ക്കാരിനെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജനല്‍ ഡയറക്ടറെയും ഈ വിഷയം ധരിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ കീഴ്‌ക്കോടതികളില്‍ വിചാരണ നടപടികളില്‍ കുടുങ്ങിക്കിടക്കുന്ന അസാധു നോട്ടുകളെ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹര്‍ജി പരിഗണിച്ചിരുന്നു.
അസാധുവാക്കുംമുന്‍പ് കോടതിയിലെത്തിയ നോട്ടുകള്‍ കക്ഷികള്‍ വിധി പകര്‍പ്പു സഹിതം ഹാജരാക്കിയാല്‍ ബാങ്കുകള്‍ മാറ്റി നല്‍കുമെന്നായിരുന്നു കേന്ദ്രത്തിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണം. പണം സര്‍ക്കാരില്‍ മുതല്‍ക്കൂട്ടാന്‍ ഉത്തരവുണ്ടായാല്‍ സര്‍ക്കാരിനും നോട്ട് മാറ്റിയെടുക്കാം.