തുർക്കിക്ക് സഹായവുമായി ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ

ദില്ലി: തുടർ ഭൂചലനങ്ങളിൽ വൻ തിരിച്ചടി നേരിട്ട തുര്‍ക്കിക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹം. അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുർക്കിയിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതര്‍ലന്‍ഡസും തുര്‍ക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചു. അതേ സമയം അന്താരാഷ്ട്ര സമൂഹം സിറിയയെയും സഹായിക്കണമെന്ന് അറബ് ലീഗിനെ നയിക്കുന്ന ഈജിപ്ത് ആവശ്യപ്പെട്ടു.

ആദ്യ ഭൂചലനത്തിന്റെ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തുർക്കിയെ നടുക്കിയ രണ്ടാം ഭൂചലനം ഉണ്ടായത്. രണ്ടാം ചലനത്തിന് റിക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആദ്യ പ്രഭവ കേന്ദ്രത്തിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലെയാണ് രണ്ടാം ചലനം. ഇതോടെ തുർക്കിയിലെ രക്ഷാ പ്രവർത്തനം പ്രതിസന്ധിയിലായി. തുടർ ചലനങ്ങൾ ഉണ്ടാകുമോ എന്ന് ഭീതിയിലാണ് രാജ്യം.

ഇന്ന് പുലർച്ചെ പ്രദേശിക സമയം 4.17 നാണ് തുർക്കിയും സിറിയയും കുലുങ്ങി വിറച്ചത്. തുർക്കിയിലെ ഗാസിയന്റെപ് പട്ടണം പ്രഭവ കേന്ദ്രമായ ഭൂചലനത്തിന് 7.8 എട്ടായിരുന്നു തീവ്രത. ലോകത്ത് സമീപകാലത്ത് അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. പത്ത് മിനിട്ടിനു ശേഷം 6.5 രേഖപ്പെടുത്തിയ തുടർ ചലനവും ഉണ്ടായി. പിന്നീട് മൂന്നു തവണ കൂടി ചലനങ്ങൾ.  ജനങ്ങൾ മിക്കവരും ഉറക്കത്തിൽ ആയിരുന്ന സമയത്തുണ്ടായ അപകടത്തിൽ ബഹുനില കെട്ടിടങ്ങൾ അടക്കം നിലംപൊത്തി. റോഡുകളും വൈദ്യുതി ബന്ധവും തകർന്നു. ഇതോടെ രക്ഷാ പ്രവർത്തനം വൈകി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരുടെ സഹായാഭ്യർത്ഥനകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.

തെക്ക് പടിഞ്ഞാറൻ തുർക്കിയിലും സിറിയയിലെ അതിർത്തി പ്രദേശങ്ങളിലുമാണ് നാശനഷ്ടങ്ങൾ ഏറെയാണ്. വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിൽ ഭൂചലനം വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രക്ഷാപ്രവർത്തനം കാര്യക്ഷമല്ലെന്നാണ് റിപ്പോർട്ടുകൾ. സർക്കാറിന് സ്വാധീനമില്ലാത്ത ഭാഗങ്ങളിലെ കണക്കുകൾ പോലും ലഭ്യമല്ല. ഇസ്രായേൽ , ലെബനൻ , സൈപ്രസ് രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ദുരന്തത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് തുർക്കി പ്രസിഡന്റ് എർദോഗാൻ പ്രതികരിച്ചു.

Top