രാജ്യത്ത് നിര്‍മ്മിക്കുന്നത് പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പിപിഇ കിറ്റുകളും എന്‍95 മാസ്‌കുകളും

ന്യൂഡല്‍ഹി: പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പിപിഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും നിര്‍മ്മിക്കാവുന്ന തരത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര ശേഷി വര്‍ധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദം. ഗുണനിലവാരം പരിശോധിക്കുന്നതിനായി കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം നിര്‍ദേശിക്കുന്ന എട്ടു ലാബുകളിലൊന്നില്‍ പരിശോധിച്ച് അംഗീകാരം ലഭിച്ചതിന് ശേഷമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സംഭരണ ഏജന്‍സിയായ എച്ച്എല്‍എല്‍ നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും പിപിഇ കിറ്റുകള്‍ സംഭരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക സമിതി (ജെഎംജി) നിര്‍ദേശിക്കുന്ന പരിശോധനയില്‍ ഉല്‍പ്പന്നങ്ങള്‍ യോഗ്യത നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇത് കൂടാതെ, നിശ്ചയിക്കപ്പെട്ട പ്രോട്ടോകോള്‍ അനുസരിച്ചുള്ള ക്രമരഹിത പരിശോധനയിലൂടെ (റാന്‍ഡം ടെസ്റ്റ് )കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കുകയും പരാജയപ്പെടുന്ന കമ്പനികളെ അയോഗ്യരാക്കുകയും ചെയ്യും. സ്വന്തം നിലയില്‍ കിറ്റുകള്‍ സംഭരിക്കുന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍, കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള ലാബുകളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ ലാബുകളിലെ പരിശോധനയില്‍ യോഗ്യത നേടിയ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളെ കേന്ദ്ര സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ്പ്ലെയ്സില്‍ (GeM) ഉള്‍പ്പെടുത്തും. ടെസ്റ്റുകളില്‍ യോഗ്യത നേടിയ നിര്‍മ്മാതാക്കളുടെ വിവരങ്ങള്‍ ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിപിഇ കിറ്റുകളുടെ യുക്തിപൂര്‍വ്വമായ ഉപയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട് വിവരങ്ങള്‍ https://mohfw.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Top