സമ്പദ്‌വ്യവസ്ഥ ദുഷ്‌കരമായ സാഹചര്യത്തില്‍, പക്ഷെ പ്രതിസന്ധിയില്ല;രാംഗോപാല്‍ അഗര്‍വാല

കൊല്‍ക്കത്ത: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ദുഷ്‌കരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നാല്‍ ഇതില്‍ പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നീതി ആയോഗ് വിശിഷ്ടാഗത്വം രാംഗോപാല്‍ അഗര്‍വാല.

നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ നടപടികള്‍ നടപ്പാക്കുമ്പോള്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സില്‍ സംസാരിക്കുകയായിരുന്നു രാംഗോപാല്‍ അഗര്‍വാല.

‘യഥാര്‍ത്ഥത്തില്‍ നോട്ട് മാറ്റിയെടുക്കലാണ് ഉണ്ടായിട്ടുള്ളത്. അല്ലാതെ നോട്ട് നിരോധനമല്ല. കള്ളപ്പണം സമ്പദ് വ്യവസ്ഥയെ മുറിവേല്‍പ്പിക്കുന്നുണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍ കൂടുതല്‍ ആലോചനകള്‍ വേണ്ടിയിരുന്നു’, ജി.എസ്.ടി ഒരു നല്ല നടപടിയായിരുന്നു, ഇതൊക്കെ ആവശ്യമായിരുന്നെങ്കിലും അത് തിടുക്കത്തില്‍ നടപ്പാക്കി. ഇത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം എന്നതാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിംഗസമത്വം ഉറപ്പാക്കുമ്പോള്‍ എല്ലാ ജാതികളേയും സമുദായങ്ങളേയും ഉള്‍പ്പെടുത്തേണ്ടതുണ്ട്. അടുത്ത 15 വര്‍ഷത്തേക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രതിവര്‍ഷം കുറഞ്ഞത് എട്ട് ശതമാനം വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top