ഇന്‍ഫ്‌ലുവന്‍സര്‍ ദമ്പതികളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍

ചണ്ഡിഗഢ്: ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന് മുന്‍ തൊഴിലുടമയുടെ സ്വകാര്യ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ യുവതിയെ ജലന്ധര്‍ പോലീസ് അറസ്റ്റ് ചെയ്തു. പിസ്സ കടയിലെ മുന്‍ ജീവനക്കാരിയായ സോണിയ (23) ആണ് അറസ്റ്റിലായതെന്ന് എ.സി.പി നിര്‍മല്‍ സിങ് പറഞ്ഞു. ജലന്ധറില്‍ കുല്‍ഹാദ് പിസ്സ ഷോപ്പ് നടത്തുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ ദമ്പതികളെയാണ് സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി പണം തട്ടാന്‍ ശ്രമിച്ചത്. വീഡിയോ പുറത്തുവിടാതിരിക്കാന്‍ 20000 രൂപ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ ദമ്പതികള്‍ ജലന്ധര്‍ പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ജോലിയില്‍ വീഴ്ചവരുത്തിയതിനെതുടര്‍ന്നാണ് പിസ്സകടയില്‍ നിന്നും യുവതിയെ തൊഴിലുടമകളായ ദമ്പതികള്‍ പുറത്താക്കിയതെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയശേഷം ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിനാണ് പിസ്സ ഷോപ്പ് ഉടമക്ക് 20000 രൂപ പണം ആവശ്യപ്പെട്ട് യുവതി ഭീഷണി സന്ദേശം അയക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ ദമ്പതികളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞു. നിശ്ചിത തീയതിക്കുള്ളില്‍ യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കണമെന്നായിരുന്നു ഭീഷണി.

ബാങ്ക് അക്കൗണ്ട് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ പിടികൂടുകയായിരുന്നു. എന്നാല്‍, പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ദമ്പതികളുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍, വീഡിയോ വ്യാജമാണെന്നും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നുമാണ് ദമ്പതികള്‍ വിശദീകരിച്ചിരുന്നത്. യുവതി മാത്രമല്ല ഇതിന് പിന്നിലുള്ളതെന്നും പണം തട്ടുന്നതിന്റെ മുഖ്യസൂത്രധാരന്‍ കൂടിയുണ്ടെന്നും വീഡിയോ വ്യാജമാണെന്നും പിസ്സ ഷോപ്പ് ഉടമ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും യുവതിയെ ചോദ്യം ചെയ്യുമെന്നും ഒന്നിലധികം പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Top